“വൈറലായ ഡാൻസ് ഒന്നൂടെ അവതരിപ്പിച്ചാലോ…”; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ബോബി ചെമ്മണ്ണൂർ

May 17, 2022

അടുത്ത കാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ച ഒരു വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ. ടെലിവിഷനിലും സമൂഹമാധ്യമങ്ങളിലുമൊക്ക് നിറഞ്ഞു നിൽക്കുകയായിരുന്നു ആരാധകർ സ്നേഹത്തോടെ ബൊച്ചേ എന്ന് വിളിക്കുന്ന ബോബി ചെമ്മണൂർ. പലപ്പോഴും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മലയാളികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ കലാ പ്രകടനങ്ങളുടെയും, മാർഷ്യൽ ആർട്സ് അഭ്യാസമുറകളുടേയുമൊക്കെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഫ്‌ളവേഴ്‌സ് ടിവിയുടെ പല പരിപാടികളിലും നിറസാന്നിധ്യമായിരുന്നു ബോബി ചെമ്മണ്ണൂർ. സ്റ്റാർ മാജിക്, കോമഡി ഉത്സവ വേദികളിലൊക്കെ അദ്ദേഹം അതിഥിയായി എത്തിയിരുന്നു. സ്റ്റാർ മാജിക് വേദിയിൽ അദ്ദേഹം അവതരിപ്പിച്ച ഒരു നൃത്തം വളരെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

ഫ്‌ളവേഴ്‌സ് ഒരു കോടിയിലും ബോബി ചെമ്മണ്ണൂർ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അദ്ദേഹം അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡുകൾ വലിയ രീതിയിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ഫ്‌ളവേഴ്‌സ് ഒരു കോടി മത്സരാർത്ഥികളുടെ സംസ്ഥാന സമ്മേളനമായി നടത്തിയ ‘ഒരു കോടി കിലുക്കം’ എന്ന പരിപാടിയിലും അദ്ദേഹം എത്തിയിരിക്കുകയാണ്.

എന്നത്തേയും പോലെ ഇത്തവണയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം വേദിയിലെത്തിയത്. ഇതിനിടയിലാണ് പരിപാടിയുടെ അവതാരകനായിരുന്ന ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡി ആർ ശ്രീകണ്ഠൻ നായർ ബോബി ചെമ്മണ്ണൂരിനോട് സ്റ്റാർ മാജിക്കിൽ വൈറലായ നൃത്തം ഒന്ന് കൂടി അവതരിപ്പിച്ചാലോ എന്ന് ചോദിച്ചത്. അതിന് ശേഷമാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണങ്ങൾ വേദിയിൽ ഉണ്ടായത്.

Read More: ‘അപ്പോൾ ആ സത്യങ്ങളൊക്കെ എം ജി അങ്കിളിന് അറിയാമോ?’- വേദിയിൽ ജോക്കറായി ചിരി പടർത്തി മേഘ്‌ന

ഫ്‌ളവേഴ്‌സ് ഒരു കോടിയിലെത്തി ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായ മത്സരാർത്ഥികളുടെ സമ്മേളനമായിരുന്നു ‘ഒരു കോടി കിലുക്കം’ എന്ന പ്രത്യേക പരിപാടി. പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. കേരളത്തിന്റെ കലാ-സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും അറിവിന്റെ വേദിയിൽ അതിഥികളായി എത്തിയിട്ടുണ്ട്. ഈ അതിഥികളെല്ലാം ഒരു കോടി കിലുക്കത്തിൽ ഒരുമിച്ച് ഒത്തുകൂടുകയായിരുന്നു.

Story Highlights: Bobby chemmannur at oru kodi kilukkam stage