ബിരുദധാരിയായി അച്ഛൻ; ഫോട്ടോ എടുത്ത് കുഞ്ഞുമകൾ- ഹൃദ്യമായൊരു കാഴ്ച

കോളേജ് വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട ദിനമാണ് ബിരുദദാന ദിനം. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ അവരുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഒരു അക്കാദമിക് ബിരുദം നേടുന്ന ദിവസമാണിത്.
സാധാരണ ബിരുദദാന ഫോട്ടോകളിൽ, വിദ്യാർത്ഥികൾ അവരുടെ സഹപാഠികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ഈ അവസരം ആഘോഷിക്കുന്നത് കാണാം. കുട്ടികളുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്ന മാതാപിതാക്കളെ കാണാൻ സാധിക്കുന്ന ഒരു ദിനം കൂടിയാണിത്. എന്നാൽ, അച്ഛന്റെ നേട്ടത്തിൽ സന്തോഷിക്കുന്ന ഒരു കുഞ്ഞു മകളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ താരമാകുന്നത്.
കുട്ടി തന്റെ ബിരുദധാരിയായ അച്ഛന്റെ ചില ഫോട്ടോകൾ പകർത്തുന്ന കാഴ്ച ഇപ്പോൾ വൈറലായിരിക്കുകയാണ് . ഇത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയും ഹൃദയങ്ങൾ കീഴടക്കുകയും ചെയ്തിരുന്നു.
എലീന എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ അച്ഛൻ-മകൾ ജോഡിയുടെ ഹൃദ്യമായ ഫോട്ടോകൾ പങ്കുവെച്ചത്. “എന്റെ സഹോദരന്റെ ബിരുദദാനത്തിന് പോയപ്പോൾ ഒരു കൊച്ചു പെൺകുട്ടി തന്റെ ബിരുദം നേടിയ അച്ഛന്റെ ചിത്രങ്ങൾ എടുക്കുന്നത് കണ്ടു. അത് അവർ രണ്ടുപേർ മാത്രമായിരുന്നു അവിടെത്തിയത്. അവൾ അച്ഛനെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു എന്ന് കണ്ടപ്പോൾ ഞാൻ ഉള്ളിൽ കരയുകയായിരുന്നു’- അവർ ട്വീറ്റിൽ കുറിച്ചു.
അഞ്ചോ ആറോ വയസ്സുള്ള ആ കൊച്ചു പെൺകുട്ടി, ബിരുദദാന വേഷത്തിൽനിൽക്കുന്ന പിതാവിന്റെ ഫോട്ടോകൾ എടുക്കുകയാണ്. ഒരു പൂച്ചെണ്ട് പിടിച്ച് ബിരുദദാന തൊപ്പി ധരിച്ചുനിൽക്കുന്ന പിതാവിന്റെ ചിത്രങ്ങൾ അഭിമാനത്തോടെയാണ് കുഞ്ഞ് പകർത്തുന്നത്. എല്ലാവരുടെയും ഉള്ളു കുളിർപ്പിച്ച് ശ്രദ്ധനേടുകയാണ് ഈ ചിത്രം.
Story highlights- Little girl snaps father’s photo