‘നായകൻ, സൂപ്പർസ്റ്റാർ ഒക്കെ ഓരോ കാലത്തും മാറിമറിഞ്ഞ് പോകും, നല്ലൊരു നടനാവാനാണ് എന്നും ആഗ്രഹിച്ചത്’; തന്റെ അഭിനയജീവിതത്തെ പറ്റി നടൻ മമ്മൂട്ടി

May 8, 2022

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോഴും തന്റെ ചെറുപ്പവും ഊർജസ്വലതയും ഒട്ടും കൈവിടാതെയാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒരു പക്ഷെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ഘട്ടത്തിലാണ് മലയാളികളുടെ പ്രിയനടൻ എത്തിനിൽക്കുന്നത്.

പുതുമുഖ സംവിധായകർക്ക് എക്കാലവും അവസരങ്ങൾ നൽകിയിരുന്ന അദ്ദേഹത്തിന്റെ അടുത്ത് വരാനിരിക്കുന്ന പല സിനിമകളും യുവസംവിധായകരുടെ ഒപ്പമുള്ള ചിത്രങ്ങളാണ്. വളരെ വ്യത്യസ്തമായ ചിത്രങ്ങളിലാണ് അദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത് റിലീസ് ചെയ്‌ത അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വലിയ വിജയമായതിനൊപ്പം മികച്ച നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോൾ റിലീസ് ചെയ്യാൻ പോവുന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തെ പറ്റിയുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടൻ മമ്മൂട്ടി. ‘പുഴു’വാണ് അദ്ദേഹത്തിന്റേതായി ഇപ്പോൾ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഒടിടി റിലീസായാണ് പുഴു പ്രേക്ഷകരിലേക്കെത്തുന്നത്. സോണി ലിവിലൂടെ മെയ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Read More: വീണ്ടുമൊരു ‘ബറോസ്’ ക്ലിക്ക്; വൈറലായി മോഹൻലാൽ പങ്കുവെച്ച ചിത്രം

പുഴുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. നല്ലൊരു നടനാവാനാണ് താൻ എക്കാലത്തും ആഗ്രഹിച്ചതെന്നും അത് മാത്രമാണ് തന്റെ പ്രതിച്ഛായയെന്നും മമ്മൂട്ടി പറഞ്ഞു. നായകൻ, സൂപ്പർസ്റ്റാർ എന്നീ അംഗീകാരങ്ങളൊക്കെ ഓരോ കാലത്തും മാറി മറിഞ്ഞു പോവുന്നതാണെന്നും എന്നാൽ നടൻ എന്നും നടനായി തന്നെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പുതുമുഖ സംവിധായകര്‍ക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടാവുമെന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. പുഴുവിലെ നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Story Highlights: Mammootty about his acting