പത്താം ക്ലാസ്സിൽവെച്ച് അമ്മയ്‌ക്കൊപ്പം ഇട്ടവേഷത്തിൽ വീട് വിട്ടിറങ്ങിയ തീരുമാനം; ഉള്ളുതൊട്ട ജീവിതാനുഭവങ്ങളുമായി മുക്ത

May 24, 2022

മലയാളികളുടെ ജനപ്രിയ അമ്മ-മകൾ ജോഡികളിലൊന്നാണ് നടി മുക്തയും മകൾ കൺമണിയും. ഒരുമിച്ചുള്ള അവരുടെ വിഡിയോകൾ മുതൽ ഫോട്ടോഷൂട്ടുകൾ വരെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. മകളിലൂടെയാണ് ഇപ്പോൾ മുക്ത ചർച്ചയാകാറുള്ളത്. വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത മുക്ത, പരമ്പരകളിൽ നിറസാന്നിധ്യമാണ്. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ മത്സരച്ചൂടുമായി എത്തിയപ്പോൾ മുക്തയ്ക്ക് പറയാനുള്ളത് അതിലും ചൂടേറിയ പൊള്ളുന്ന ജീവിതാനുഭവങ്ങളാണ്.

ആറാം ക്ലാസ്സിൽവെച്ച് അഭിനയലോകത്തേക്ക് എത്തിയ മുക്ത, സീരിയലുകളിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. ഒരു വിദ്യാർത്ഥിനിയുടെ വേഷത്തിൽ ആദ്യ സിനിമയിൽ എത്തിയ മുക്തയെ പിന്നീട് എല്ലാവരും കണ്ടത് തമിഴ് സിനിമയിലെ ഒരു മുതിർന്ന പെൺകുട്ടിയുടെ വേഷത്തിലാണ്. വിശാലിന്റെ നായികയായ താമരഭരണി എന്ന ചിത്രവും ഗാനങ്ങളും മുക്തയെ അനുകൂലമായും പ്രതികൂലമായും ബാധിച്ചു. വിമർശനങ്ങളുടെ അമ്പുകൾക്കിടയിലും കരുത്തയായി പിടിച്ചുനിന്ന മുക്തയ്ക്ക് പത്താം ക്ലാസ്സിൽവെച്ച് വീടുവിട്ടിറങ്ങേണ്ട അനുഭവമുണ്ടായി.

Read Also: നൃത്തം ചെയ്യാൻ അറിയാത്ത നയൻതാരയ്ക്ക് ഷീലാമ്മ പറഞ്ഞുകൊടുത്ത രഹസ്യം- ഇന്നും നടിയുടെ വിജയമന്ത്രം!

ജീവിതപ്രശ്നങ്ങളെത്തുടർന്ന് മുക്ത അമ്മയ്‌ക്കൊപ്പം വീടുവിട്ടിറങ്ങി. പിന്നീട് സുരേഷ് ഗോപിയാണ് നടിയുടെ കരിയറിൽ ഒട്ടേറെ വഴിത്തിരിവുകളുണ്ടാക്കിയത്. ഒരു ജേഷ്‌ഠന്റെ സ്ഥാനത്ത് നിന്ന് സഹായിക്കുകയും ചെയ്തു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പിന്നീട് മുക്ത കൊച്ചിയിൽ സ്വന്തമായി ഒരു വീട് വെച്ചു. സഹോദരിയെ പഠിപ്പിച്ചു, വിവാഹം കഴിച്ചയപ്പിച്ചു. സ്വന്തം വിവാഹവും നടത്തി. സഹോദരിയുടെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി. സ്വന്തം കാലിൽ നിന്ന് എല്ലാം ചെയ്തു. വീടുവിട്ടിറങ്ങാനുള്ള ആ തീരുമാനം അമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കിയ ആഘാതത്തെ കുറിച്ച് കുറ്റബോധമുണ്ടെങ്കിലും ജീവിതം വഴിമാറിയതിന്റെ അഭിമാനം മുക്തയ്ക്കുണ്ട്. ഒട്ടേറെ അനുഭവങ്ങൾ നടി ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ പങ്കുവയ്ക്കുന്നുണ്ട്.

Story highlights- muktha lifestory