ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സഞ്ജു സാംസൺ; ലഖ്നൗവിനെതിരെ രാജസ്ഥാന്റെ നിർണായക മത്സരം
ഐപിഎല്ലിൽ ഇന്ന് 7.30 ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലഖ്നൗവിനെതിരെ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുത്തു. ടൂർണമെന്റിന്റെ നിർണായക സമയത്ത് പരസ്പരം ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകൾക്കും ഒരേ ലക്ഷ്യം തന്നെയാണുള്ളത്. ഇന്നത്തെ മത്സരത്തിൽ പ്ലേ ഓഫ് തന്നെയാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. മത്സരത്തിൽ ജയിച്ചാൽ ലഖ്നൗവിന് പ്ലേ ഓഫ് ഉറപ്പിക്കാം. അതേ സമയം ഇന്നത്തെ മത്സരത്തിൽ ജയിക്കുകയാണെങ്കിൽ രാജസ്ഥാന് പ്ലേ ഓഫിലേക്ക് കുറച്ചു കൂടി അടുക്കാൻ കഴിയും.
സീസണിന്റെ തുടക്കത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ 3 റൺസിന് ലഖ്നൗവിനെ തോൽപ്പിച്ചിരുന്നു. അതിനാൽ തന്നെ രാജസ്ഥാനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാൻ കൂടിയാവും ലഖ്നൗ ഇന്നിറങ്ങുന്നത്. 165 റൺസ് പിന്തുടർന്ന ലഖ്നൗവിന് 162 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഈ തോൽവിക്ക് പകരം വീട്ടാൻ കൂടിയാവും ലഖ്നൗ സൂപ്പർ ജയന്റ്സ് ഇന്നിറങ്ങുന്നത്.
അവസാന മത്സരത്തിൽ ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസിനോട് കനത്ത പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. തോൽവിയുടെ ക്ഷീണം തീർക്കാൻ കൂടിയാവും രാജസ്ഥാൻ ഇന്നിറങ്ങുന്നത്. മുംബൈ ഡീവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം 11 പന്ത് ബാക്കി നിൽക്കെ മറികടന്ന് 8 വിക്കറ്റിന്റെ മിന്നുന്ന ജയമാണ് ഡൽഹി നേടിയത്.
അതേ സമയം കെ എൽ രാഹുലിന്റെ ലഖ്നൗവിനും കഴിഞ്ഞ മത്സരത്തിൽ പരാജയം നേരിടേണ്ടി വന്നു. മത്സരത്തിൽ ലഖ്നൗവിനെ 62 റൺസിന് തകർത്ത് മിന്നുന്ന ജയമാണ് ഗുജറാത്ത് നേടിയത്. ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തപ്പോൾ ലഖ്നൗ 13.5 ഓവറിൽ 82 റൺസെടുക്കുമ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു.
Story Highlights: Rajasthan won the toss and chose to bat against lucknow