റിലീസായി മിനുട്ടുകൾക്കുള്ളിൽ വൈറലായി കെജിഎഫിലെ മറ്റൊരു ഗാനം; ചിത്രം റെക്കോർഡ് കളക്ഷനിലേക്ക്

May 18, 2022

കെജിഎഫ് 2 ലോകത്താകമാനം അമ്പരപ്പിക്കുന്ന വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രമായിരുന്നു കെജിഎഫ് 2. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കഴിഞ്ഞ കുറച്ചു നാളുകളായി കാത്തിരുന്നത്.

വലിയ പ്രീ റിലീസ് ഹൈപ്പാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയതെന്നാണ് സിനിമ പ്രേമികളും നിരൂപകരും പറയുന്നത്.

ഇപ്പോൾ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ വിഡിയോ പുറത്തു വന്നിരിക്കുകയാണ്. ‘തൂഫാൻ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്‌തിരിക്കുന്നത്‌. കെജിഎഫ് 2 വിലെ ആദ്യ ഗാനമായ തൂഫാന്റെ ലിറിക് വിഡിയോ നേരത്തെ തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ റിലീസിന് തൊട്ട് മുൻപാണ് ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തു വന്നത്. ഇപ്പോൾ റിലീസ് ചെയ്‌ത തൂഫാന്റെ വിഡിയോയും മിനുട്ടുകൾക്കുള്ളിലാണ് വൈറലായത്.

അതേ സമയം റെക്കോർഡ് കളക്ഷനാണ് ചിത്രം ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ നിന്നും നേടിയിരിക്കുന്നത്. 1200 കോടിയോളം കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ ബാഹുബലി 2 വിനും ദംഗലിനും ശേഷം ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്.

Read More: കാത്തിരിപ്പിനൊടുവിൽ ഒണക്കമുന്തിരി ഗാനവും ‘മഴ കല്യാണ’വും പ്രേക്ഷകരിലേക്ക്- വിഡിയോ

കെജിഎഫിന്റെ മൂന്നാമത്തെ ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടനെ തന്നെ ആരംഭിക്കുമെന്ന് നേരത്തെ ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് കിരഗന്ദൂര്‍ പറഞ്ഞിരുന്നു. ഈ വർഷം ഒക്ടോബറോടെ കെജിഎഫ് ചാപ്റ്റർ 3 യുടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് എന്നാണ് നിർമ്മാതാവ് പറയുന്നത്. നേരത്തെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Story Highlights: Toofan video song released