ഏഴിമല പൂഞ്ചോലയുമായി കുഞ്ഞുഗായിക-നീളത്തിൽ ഒരു കൊഞ്ചടിയുമായി ജഡ്ജസും…
ഏഴിമല പൂഞ്ചോല ഹാ മാമലക്കു മണിമാല
പൊൻ മാല പൊൻ മാല
ഹേ പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ… മോഹൻലാൽ നായകനായ സ്ഫടികം എന്ന ചിത്രത്തെ ഏറ്റെടുത്ത മലയാളികൾ നെഞ്ചേറ്റിയതാണ് ചിത്രത്തിലെ ഈ ഗാനത്തേയും. മലയാളികൾ അതുവരെ കേൾക്കാത്ത വ്യത്യസ്തതയിൽ ചിത്ര പാടി അനശ്വരമാക്കിയ ഗാനമാണ് ഏഴിമല പൂഞ്ചോല. ഇപ്പോഴിതാ ഈ മനോഹരഗാനവുമായി എത്തുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലൂടെ മലയാളി ഹൃദയങ്ങൾ കവർന്ന കൊച്ചുഗായിക വൈഗാലക്ഷ്മി.
തിരഞ്ഞെടുക്കുന്ന പാട്ടുകളെ അതിന്റെ പൂർണതയിൽ എത്തിക്കുന്ന കുഞ്ഞുഗായികയാണ് വൈഗക്കുട്ടി. നേരത്തെ ‘മാട്ടുപ്പെട്ടി കോവിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ..’ എന്ന ഗാനം പാടി ഏറെ കൈയടികൾ ഏറ്റുവാങ്ങിയിരുന്നു. വൈഗയുടെ ഈ പ്രകടനത്തിന് നൂറിൽ നൂറ് മാർക്കാണ് അന്ന് ജഡ്ജസ് നൽകിയത്. ഇപ്പോഴിതാ മറ്റൊരു മനോഹര ഗാനവുമായി എത്തുകയാണ് ഈ കുഞ്ഞുമോൾ. പാട്ടിനൊപ്പം അഭിനയിച്ചും നൃത്തച്ചുവടുകൾ വെച്ചും കാഴ്ചക്കാരിൽ ആവേശം സൃഷ്ടിക്കുന്നുണ്ട് അമ്പലപ്പുഴ സ്വദേശിയായ ഈ കുഞ്ഞുമോൾ.
പി ഭാസ്കരന്റെ വരികൾക്ക് എസ് പി വെങ്കടേഷ് സംഗീതം നൽകിയ ഗാവുമായി വേദിയിൽ വൈഗക്കുട്ടി എത്തുമ്പോൾ നിറഞ്ഞ കൈയടികൾക്കൊപ്പം പാട്ടിലെ കൊഞ്ചെടി കൊഞ്ചെടി എന്ന വരികളും പാടിയാണ് ജഡ്ജസ് ഈ കുഞ്ഞിന്റെ ആലാപനത്തെ അഭിനന്ദിക്കുന്നത്.
1995 ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. ഭദ്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മോഹൻലാൽ, തിലകൻ, ഉറുവശി, മണിയൻപിള്ള രാജു, കെപിഎസി ലളിത, ചിപ്പി, നെടുമുടി വേണു, സിൽക്ക് സ്മിത തുടങ്ങിയ വലിയ താരനിരകൾ ഒന്നിച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്കും സിനിമയിലെ കഥാപാത്രങ്ങളായ ചാക്കോ മാഷിനും ആട് തോമയ്ക്കും അടക്കമുള്ളവർക്ക് ലഭിച്ചത്. മലയാളികളുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയായ ഈ സിനിമയിലെ ഗാനവുമായി ഈ കുഞ്ഞുപ്പാട്ടുകാരി എത്തിയതോടെ പാട്ട് വേദിയിൽ ഒരുപിടി നല്ലോർമകളും വിരിയുന്നുണ്ട്. ഗായകൻ എംജി ശ്രീകുമാർ അടക്കമുള്ളവർ ഈ ഓർമകൾ വേദിയിൽ പങ്കുവയ്ക്കുന്നുമുണ്ട്.
Story highlights: Vaigalakshmi Ezhimala Poonchola Performance