‘തനിക്ക് വിശപ്പ് സഹിക്കാൻ പറ്റില്ലാന്ന് എനിക്കറിയാടോ…’; കൊച്ചിൻ ഹനീഫയെ പറ്റിയുള്ള നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുമായി മണിയൻ പിള്ള രാജു

മലയാളി മനസ്സുകളിൽ ഇന്നും ജീവിക്കുന്ന നടനാണ് കൊച്ചിൻ ഹനീഫ. അദ്ദേഹം ഓർമ്മയായിട്ട് വർഷങ്ങളേറെ ആയെങ്കിലും ഇന്നും മലയാളികൾ അദ്ദേഹത്തിന്റെ നഷ്ടം ഉൾക്കൊള്ളാൻ തയ്യാറാവാത്തവരാണ്. മികച്ച ഒട്ടേറെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇപ്പോഴും സിനിമകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ മലയാള സിനിമ താരവും കൊച്ചിൻ ഹനീഫയുടെ അടുത്ത സുഹൃത്തുമായിരുന്ന മണിയൻ പിള്ള രാജു അദ്ദേഹത്തെ പറ്റിയുള്ള ഓർമ്മകൾ അറിവിന്റെ വേദിയിൽ പങ്കുവെയ്ക്കുകയാണ്. കൊച്ചിൻ ഹനീഫയുടെ വിയോഗം മറ്റ് പലരെയും പോലെ തനിക്കും ഒരു വലിയ ആഘാതമായിരുന്നുവെന്ന് പറയുകയാണ് മണിയൻ പിള്ള രാജു. സിനിമയിൽ ചാൻസ് അന്വേഷിച്ചു നടക്കുന്ന കാലം മുതൽ അദ്ദേഹവുമായി വലിയ ആത്മബന്ധമായിരുന്നു ഉള്ളതെന്നും മണിയൻ പിള്ള രാജു കൂട്ടിച്ചേർത്തു.
അതിനോടൊപ്പം തന്നെ കൊച്ചിൻ ഹനീഫയുമായുള്ള ഹൃദ്യമായ ഒരോർമ്മയും അദ്ദേഹം വേദിയിൽ പങ്കുവെച്ചു. സിനിമയിലെ തുടക്കകാലത്ത് ഭക്ഷണം കഴിക്കാൻ ഒക്കെ കുറെ ബുദ്ധിമുട്ടിയിരുന്നു. ഒരിക്കൽ കഴിക്കാൻ കയ്യിൽ പൈസ ഇല്ലാതെ വന്നതോടെ കൊച്ചിൻ ഹനീഫയോട് കടം ചോദിക്കുകയായിരുന്നു. ചോദിച്ച ഉടനെ തന്നെ അദ്ദേഹം പൈസ എടുത്ത് കൊടുക്കുകയും ചെയ്തു എന്നും മണിയൻ പിള്ള രാജു ഓർക്കുന്നു.
Read More: “പ്രമദ മരമോ..അതേത് മരം”; മിയക്കുട്ടിയുടെ മറുപടി കേട്ട് ചിരിയടക്കാൻ കഴിയാതെ ജഡ്ജസ്
എന്നാൽ അന്നത്തെ ദിവസം കൊച്ചിൻ ഹനീഫ ഭക്ഷണം കഴിക്കാൻ പുറത്തു പോവാതെ വന്നതോടെ താൻ അതിന്റെ കാരണം തിരക്കി. അദ്ദേഹം അന്ന് ഭക്ഷണം കഴിക്കാൻ വച്ചിരുന്ന പൈസയാണ് തനിക്ക് ഭക്ഷണം കഴിക്കാൻ തന്നത് എന്ന് താൻ അപ്പോഴാണ് മനസ്സിലാക്കിയതെന്നും മണിയൻ പിള്ള രാജു പറഞ്ഞു. ‘എടൊ ഞാൻ വേണേൽ ഒന്ന് രണ്ട് ദിവസമൊക്കെ ഭക്ഷണം കഴിക്കാതെ പിടിച്ചു നിൽക്കും. എന്നാൽ തനിക്ക് ഭക്ഷണം കഴിക്കാതെ ഇരിക്കാൻ കഴിയില്ല എന്ന് അറിയാം. അത് കൊണ്ട് കുഴപ്പമില്ല’ എന്ന് കൊച്ചിൻ ഹനീഫ തന്നോട് പറഞ്ഞുവെന്നും മണിയൻ പിള്ള രാജു അറിവിന്റെ വേദിയിൽ തുറന്നു പറഞ്ഞു.
Story Highlights: Maniyan pilla raju about cochin haneefa