‘ഇതിഹാസത്തിന് ജന്മദിനാശംസകൾ..’- മണിരത്‌നത്തിന് ആശംസാകുറിപ്പുമായി മീര ജാസ്മിൻ
പിറന്നാൾ നിറവിലാണ് സംവിധായകൻ മണിരത്നം. അദ്ദേഹത്തിന് ഇന്ന് 66 വയസ് തികയുകയാണ്. നിരവധി ആരാധകരും സിനിമാതാരങ്ങളുമെല്ലാം മണിരത്നത്തിന് പിറന്നാൾ ആശംസ നേർന്നു. ഇപ്പോഴിതാ, നടി മീര ജാസ്മിൻ മണിരത്നത്തിന് പിറന്നാൾ ആശംസിച്ചിരിക്കുകയാണ്. മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമായ ‘ആയുധ എഴുത്ത്’ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ നടി മീരാ ജാസ്മിൻ അവതരിപ്പിച്ചിരുന്നു. സൂര്യ നായകനായ ചിത്രത്തിലെ തന്റെ ഷൂട്ടിംഗ് നാളുകൾ അനുസ്മരിക്കുകയും മുതിർന്ന ചലച്ചിത്ര നിർമ്മാതാവിന് ഹൃദയസ്പർശിയായ ജന്മദിന ആശംസകൾ കുറിക്കുകയും ചെയ്തു മീര ജാസ്മിൻ.
‘ഇതിഹാസത്തിന് ജന്മദിനാശംസകൾ. പ്രിയപ്പെട്ട മണി സാർ. ഈ വിലപ്പെട്ട ഓർമ്മയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ. ‘- മീര കുറിക്കുന്നു. മൂന്ന് മനുഷ്യരുടെ ജീവിതവും അവരുടെ ആകസ്മികമായ കണ്ടുമുട്ടലും അവരുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന ഒരു സംഭവവുമാണ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ സിനിമയായ ‘ആയുധ എഴുത്ത്’ പങ്കുവെച്ചത്. ചിത്രത്തിൽ മാധവന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് മീരാ ജാസ്മിൻ എത്തിയത്. മീര ജാസ്മിന് വളരെയധികം പ്രശംസ ലഭിച്ച കഥാപാത്രമായിരുന്നു ചിത്രത്തിലേത്.
‘ആയുധ എഴുത്ത്’ എന്ന ചിത്രം 2004-ൽ പുറത്തിറങ്ങി. മണിരത്‌നം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നടൻമാരായ സൂര്യ, മാധവൻ, സിദ്ധാർത്ഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിൽ മീരാ ജാസ്മിൻ, ഇഷ ഡിയോൾ, തൃഷ കൃഷ്ണൻ, ഭാരതിരാജ, കാർത്തി എന്നിവരും ഉൾപ്പെടുന്നു.അതേസമയം, സത്യൻ അന്തിക്കാടിന്റെ കുടുംബ ചിത്രമായ ‘മകൾ’ എന്ന ചിത്രത്തിലൂടെ മീരാ ജാസ്മിൻ മലയാള സിനിമയിൽ തന്റെ രണ്ടാം ഇന്നിംഗ്‌സ് നടത്തിയിരിക്കുകയാണ്. ജയറാം, നസ്‌ലെൻ കെ ഗഫൂർ, സിദ്ദിഖ്, ശ്രീനിവാസൻ, ഇന്നസെന്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ മീര ദേവിക സഞ്ജയ്യുടെ ‘അമ്മ വേഷത്തിലാണ് എത്തിയത്.
Story highlights- meera jasmine’s post about manirathnam