ഉപേക്ഷിക്കപ്പെട്ട നായക്കുട്ടിക്കൊപ്പം ഒരു ബാഗും വൈകാരികമായൊരു കുറിപ്പും…

June 2, 2022

മനുഷ്യർക്ക് അവരുടെ വളർത്തുമൃഗങ്ങളോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടാറുണ്ട്. എന്നാൽ തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു വളർത്തുനായയെ ഉപേക്ഷിക്കേണ്ടി വന്നാലോ… ഇത് വളരെയധികം ദുഃഖം നൽകുന്ന ഒരു കാര്യമായിരിക്കും. ഇപ്പോഴിതാ അത്തരം ഒരു സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു നായക്കുട്ടിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നത്. വഴിയിൽ ഉപേക്ഷിക്കപ്പെട്ട നായയ്‌ക്കൊപ്പം അവളുടെ കളിപ്പാട്ടങ്ങൾ അടങ്ങിയ ഒരു ബാഗും അതിനൊപ്പം ഉണ്ടായിരുന്ന ഒരു കുറിപ്പുമാണ് ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. അമേരിക്കയിലെ വിസ്‌കോൺസിനിലെ ഗ്രീൻ ബേയിലാണ് ഉപേക്ഷിക്കപ്പെട്ട രീതിയിൽ നായയെ കണ്ടെത്തിയത്.

ഹ്യൂമൻ സൊസൈറ്റിയാണ് ഉപേക്ഷിക്കപ്പെട്ട ഈ നായക്കുട്ടിയെ അവിടെ നിന്നും സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റിയത്. ബേബി ഗേൾ എന്ന് വിളിക്കുന്ന ഈ നായയെ ഉടമ ഉപേക്ഷിക്കാൻ കാരണം അദ്ദേഹത്തിനും നായയ്ക്കും ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ്. ഈ ആരോഗ്യപ്രശ്നങ്ങൾ കാരണം നായയെ നോക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തനിക്ക് ഏറെ പ്രിയപ്പെട്ട നായയെ ഉപേക്ഷിക്കാൻ ഉടമ നിർബന്ധിതനായത് എന്നും പറയപ്പെടുന്നു.

Read also: ബസ് സ്റ്റാൻഡിൽ വെച്ചൊരു വ്യത്യസ്ത നൃത്തം; സമൂഹമാധ്യമങ്ങളെ ഞെട്ടിച്ച് യുവകലാകാരൻ- വിഡിയോ ഹിറ്റ്

നയയിൽ നടത്തിയ പരിശോധനയിൽ ഡയബറ്റിസ് മെലിറ്റസ് എന്ന രോഗത്തിന് അടിമയാണ് നായ എന്ന് കണ്ടെത്തി. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും. അതിനാൽ നായയുടെ ഭക്ഷണകാര്യത്തിൽ കൃത്യമായ ശ്രദ്ധ വേണം. ഒപ്പം ഇൻസുലിൻ കുത്തി വയ്‌ക്കേണ്ടതും ആവശ്യമാണ്. ഈ ചിലവ് രോഗിയായ ഉടമയ്ക്ക് താങ്ങാൻ കഴിയാത്തതിനാലാണ് അദ്ദേഹം നായയെ ഉപേക്ഷിച്ചത് എന്നാണ് പറയപ്പെടുന്നത്. അതേസമയം ഈ നായയുടെ ഉടമയെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കാൻ തങ്ങൾക്ക് കഴിയുമെന്നും ഹ്യൂമൻ സൊസൈറ്റി അറിയിച്ചിട്ടുണ്ട്.

Story highlights; Owner Abandons Her pet dog With A Heartbreaking Note