ഫ്ളവേഴ്സ് ടിവി സ്ക്രീനിലേക്ക് ജൂൺ 13 മുതൽ ‘ഉപ്പും മുളകും’ വീണ്ടുമെത്തുന്നു- ആവേശം പങ്കുവെച്ച് അഭിനേതാക്കൾ
മലയാള മിനിസ്ക്രീൻ ചരിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ‘ഉപ്പും മുളകും’. മികച്ച പിന്തുണയോടെ ലോക ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് ഉപ്പും മുളകും കുടുംബം വർഷങ്ങളോളം ജൈത്രയാത്ര തുടർന്നിരുന്നു. 2015 ഡിസംബർ 12നാണ് പ്രേക്ഷകരിലേക്ക് ആദ്യമായി ഉപ്പും മുളകും പ്രൊമോ എത്തിയത്. അന്നും ഇന്നും ഉപ്പും മുളകിനോളം സ്വീകാര്യത ലഭിച്ച മറ്റൊരു ഹാസ്യ പരമ്പരയില്ല എന്നതിൽ തർക്കമില്ല. മിനിസ്ക്രീനിൽ മാത്രമല്ല, യൂട്യുബിലും ഹിറ്റാണ് ഉപ്പും മുളകും.
എന്നാൽ പരമ്പരയ്ക്ക് ഒരു ഇടവേള അനിവാര്യമായി വന്നിരുന്നു. ഈ കാലയളവിലെല്ലാം ഫ്ളവേഴ്സ് ടിവി അണിയറപ്രവർത്തകർ ഏറ്റവുമധികം അഭിമുഖീകരിച്ച ചോദ്യവും ഉപ്പും മുളകും തിരിച്ചുവരുമോ എന്നായിരുന്നു. എന്നാൽ, ഇനി ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. അതെ, ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഉപ്പും മുളകും സീസൺ 2 ആയി പ്രേക്ഷകരിലേക്ക് എത്തുന്നു.
ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ ബിജു സോപാനം, നിഷ സാരംഗ്, ജൂഹി എന്നിവർ എത്തിയപ്പോഴാണ് പ്രേക്ഷകർ കാത്തിരുന്ന പ്രഖ്യാപനം ഉണ്ടായത്. ജൂൺ 13 മുതലാണ് ഉപ്പും മുളകും ഫ്ളവേഴ്സ് ടിവി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മുഖം മിനുക്കി എത്തുന്ന സീസൺ 2വിൽ പഴയ താരങ്ങൾ തന്നെയാണ് അണിനിരക്കുന്നത്.
2015 ഡിസംബർ പതിനാലിനാണ് ഉപ്പും മുളകും ആദ്യ എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തിയത്. പിന്നീട് പാറമട വീടും, ബാലുവും നീലുവും കുട്ടികളുമെല്ലാം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറി. അഭിനേതാക്കൾ എന്നോ കഥാപാത്രങ്ങളെന്നോ മറന്ന് സ്വന്തം കുടുംബത്തിലെ അംഗങ്ങളെന്ന സ്നേഹമാണ് പ്രേക്ഷകർ ഇവർക്ക് നൽകിയത്. പുരുഷ പ്രേക്ഷകരെ പോലും പിടിച്ചിരുത്താൻ ഉപ്പും മുളകിനും സാധിച്ചു. ടെലിവിഷനിൽ കാണുന്നതിനേക്കാൾ യൂട്യൂബിലാണ് ഉപ്പും മുളകിനും പ്രേക്ഷകർ കൂടുതൽ.
Read Also: ഹയമ്മയ്ക്ക് പിറന്നാൾ; കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളുമായി ആസിഫ് അലി
ഒരു സാധാരണ കുടുംബത്തിലെ നിമിഷങ്ങളും, പിണക്കങ്ങളും ഇണക്കങ്ങളും, കഷ്ടപ്പാടുകളും, കണ്ണുനീരുമൊക്കെയാണ് ഈ ഹാസ്യ പരമ്പരയുടെ നെടുംതൂണ്.ഉപ്പും മുളകിൽ ബാലുവായി ബിജു സോപാനവും, നീലുവായി നിഷാ സാരംഗുമാണ് വേഷമിടുന്നത്. കേശുവായി അൽസാബിത്തും, ശിവയായി ശിവാനിയും, മുടിയനായി വിഷ്ണുവും, ലച്ചുവായി ജൂഹിയും , പാറുക്കുട്ടിയായി അമേയയുമാണ് വേഷമിടുന്നത്. പാറുക്കുട്ടിയുടെ വരവോടെ ഉപ്പും മുളകിനും കൂടുതൽ ആരാധകരുമായി.ജനിച്ച് ആറു മാസം മുതൽ ഉപ്പും മുളകിലൂടെ പാറുക്കുട്ടി പ്രേക്ഷകർക്ക് മുന്നിലാണ് വളർന്നത്. പാറുക്കുട്ടി ആദ്യമായി അച്ഛാ എന്ന് വിളിച്ചതും, നടക്കാൻ പഠിച്ചതും, ഡയലോഗുകൾ പറയാൻ പഠിച്ചതുമെല്ലാം പ്രേക്ഷകരുടെ മുന്നിലാണ്.
Story highlights- uppum mulakum season 2 announcement