കളക്ഷൻ റെക്കോർഡുകൾ കാറ്റിൽ പറത്തി വിക്രം; ബോക്സോഫീസിൽ ട്രിപ്പിൾ സെഞ്ചുറിയടിച്ചത് വെറും 10 ദിവസം കൊണ്ട്

June 13, 2022

ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവമായി മാറുകയായിരുന്നു കമൽ ഹാസന്റെ ‘വിക്രം.’ കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ‘മാസ്റ്റർ’ എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ടായിരുന്നു.

അതിഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്. പ്രതീക്ഷയ്ക്കപ്പുറമുള്ള വലിയ സർപ്രൈസുകളാണ് പ്രേക്ഷകർക്കായി സംവിധായകൻ ലോകേഷ് കനകരാജ് ചിത്രത്തിൽ ഒരുക്കിയിരുന്നത്. ഓരോ താരത്തിനും കൃത്യമായ സ്‌ക്രീൻ സ്‌പേസും കഥാപാത്ര സൃഷ്ടിയിലെ പൂർണതയും നൽകി അവതരിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം അതിമനോഹരമായാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ലോകേഷ് കനകരാജ് നിർവഹിച്ചത്.

ഇപ്പോൾ മറ്റൊരു വമ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിക്രം. ആഗോള തലത്തിൽ വിക്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ 300 കോടിക്ക് മുകളിലായിരിക്കുകയാണ്. റിലീസ് ചെയ്‌ത്‌ വെറും 10 ദിവസത്തിനുള്ളിലാണ് കമൽ ഹാസൻ ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2019 ന് ശേഷം ഒരു തമിഴ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണിത്. തമിഴ് നാട്ടിൽ നിന്നു മാത്രം 127 കോടി വിക്രം ഇതിനകം നേടിയപ്പോൾ ചിത്രത്തിന്റെ കേരളത്തിലെ കളക്ഷൻ 31 കോടിക്ക് മുകളിൽ എത്തിയിരിക്കുകയാണ്.

Read More: മത്സരിച്ച് ചുവടുവെച്ച് ബിജുക്കുട്ടനും മകളും- ട്രെൻഡിങ്ങായി നൃത്തം

ചിത്രത്തിലെ ഓരോ നടന്മാരും വലിയ കൈയടിയാണ് തിയേറ്ററുകളിൽ നേടിക്കൊണ്ടിരിക്കുന്നത്. കമൽ ഹാസനും വിജയ് സേതുപതിയും വലിയ പ്രശംസ ഏറ്റുവാങ്ങുമ്പോൾ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് സൂപ്പർ താരം സൂര്യ കാഴ്ച്ചവെയ്ക്കുന്നത്.

Story Highlights: Vikram box office record