അപ്പൊ തുടങ്ങുവല്ലേ..; സീസണിലെ ആദ്യ വിദേശ സൈനിങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, താരത്തിന് സ്വാഗതം പറഞ്ഞ് വിഡിയോ

July 9, 2022

അടുത്ത ഐഎസ്എൽ സീസണിലേക്കുള്ള പടപ്പുറപ്പാട് കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങി കഴിഞ്ഞു. ഈ സീസണിലെ ആദ്യ വിദേശ താരത്തെ ടീമിലേക്ക് എത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ സ്ട്രൈക്കറായ അപ്പോസ്‌തൊലോസ് ജിയാനുവിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിയ താരം 2023 വരെ ടീമിലുണ്ടാവും.

താരത്തിന് സ്വാഗതം ആശംസിച്ച് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ട്വിറ്ററിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൈറലാവുന്നത്. ‘ഗ്രീക്ക് ദൈവം ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ എന്ന കുറിപ്പോടെയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിന് സ്വാഗതം ആശംസിച്ചത്.

നേരത്തെ വിദേശ താരങ്ങളുടെ സൈനിങ്‌ വൈകുന്നതിൽ പ്രതിഷേധിച്ച് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് രസകരമായ ഒരു വിഡിയോയിലൂടെ ബ്ലാസ്റ്റേഴ്‌സ് മറുപടി നൽകിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ സൈനിങ്‌ എപ്പോഴാണെന്ന് ആരാധകർ കഴിഞ്ഞ കുറച്ചു നാളുകളായി ചോദിക്കുന്നുണ്ടായിരുന്നു. ഇതിനുള്ള മറുപടിയായാണ് ബ്ലാസ്റ്റേഴ്‌സ് ട്രോൾ രൂപത്തിലുള്ള ഒരു വിഡിയോ പങ്കുവെച്ചത്.

‘ക്ഷമ വേണം, സമയമെടുക്കും” എന്ന പ്രശസ്‌ത സിനിമ ഡയലോഗ് കുറിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കമെന്റുകൾക്കുള്ള മറുപടിയായി മഹേഷിന്റെ പ്രതികാരത്തിലെ ദിലീഷ് പോത്തന്റെ ‘ചിൽ സാറ ചിൽ’ എന്ന ഡയലോഗ് ഉൾപ്പെടുത്തിയാണ് ടീം വിഡിയോ പങ്കുവെച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്‌തിരുന്നു.

Read More: ‘മടങ്ങുന്നു, എല്ലാവർക്കും നന്ദി’; ആരാധകർക്ക് നൊമ്പരമായി സഞ്ജു സാംസൺ പങ്കുവെച്ച കുറിപ്പ്

അതേ സമയം കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമും ഏറ്റുമുട്ടുന്ന മത്സരത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇരു ടീമുകളിലും അണിനിരക്കുന്നത് മികച്ച ഒരു കൂട്ടം താരങ്ങളായത് കൊണ്ട് തന്നെ വമ്പൻ പോരാട്ടമായിരിക്കും നടക്കാൻ പോവുന്നതെന്ന കാര്യത്തിൽ ആരാധകർക്ക് സംശങ്ങളൊന്നുമില്ല. സെപ്റ്റംബറിൽ കൊച്ചിയിൽ വച്ചാണ് മത്സരം നടക്കുന്നത്.

Story Highlights: Blasters first foreign player signing for this season