’53 വയസ്സായ മധ്യവയസ്ക്കൻ, സിനിമ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു..’; രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി
മലയാളത്തിലും തമിഴിലും ഒരേ പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ഹരീഷ് പേരടി. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ കലാകാരനാണ് ഹരീഷ്. നാടകത്തിൽ നിന്നും ടെലിവിഷനിലേക്കും പിന്നീട് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ അടക്കമുള്ള സിനിമകളിലെ അതിഗംഭീര പ്രകടനങ്ങളിലൂടെ വെള്ളിത്തിരയിലേക്കും ചേക്കേറിയ നടന് വലിയ ആരാധകരാണുള്ളത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം സമകാലീന രാഷ്ട്രീയത്തോടും സംഭവങ്ങളോടും തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ നിരന്തരമായി പ്രതികരിക്കുകയും ചെയ്യുന്ന ഒരു കലാകാരനാണ്.
ഇപ്പോൾ ഹരീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച രസകരമായ ഒരു കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. തന്റെ അഭിനയ മോഹത്തെ പറ്റിയും ഇനിയും വലിയ സംവിധായകരുടെ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ആഗ്രഹത്തെ പറ്റിയുമാണ് ഹരീഷ് പോസ്റ്റിൽ കുറിക്കുന്നത്.
“ഹരീഷ് പേരടി..53 വയസ്സായ ഒരു മധ്യ വയസ്ക്കൻ..മലയാളം,തെല്ലുങ്ക്,തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളിൽ അഭിനയിച്ചു. നല്ല മേക്കപ്പ്മാൻമാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാൻ സാധിച്ചിട്ടുണ്ട്. ഇനി അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു. നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ പരിഗണിക്കുന്നതാണ്. ഇത് അഹങ്കാരമല്ല ആഗ്രഹമാണ്. സ്വകാര്യമായി നിങ്ങളെ വിളിക്കുന്നതിനേക്കാൾ നല്ലത് ഇതല്ലെ. ഇത്തരം തുറന്ന് പറച്ചിലുകൾ ആണ് എനിക്കിഷ്ടം. എന്ന് അഭിനയിച്ച് പുതി തീരാത്ത ഒരു അഭിനയ മോഹി ഹരീഷ് പേരടി.” താരം ഫേസ്ബുക്കിൽ കുറിച്ചു.
അതേ സമയം എംടി വാസുദേവൻ നായരുടെ ചെറുകഥയെ ആസ്പദമാക്കി പ്രിയദർശൻ ഒരുക്കുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തിലാണ് ഹരീഷ് അവസാനമായി അഭിനയിച്ചത്. 1970 ൽ പുറത്തിറങ്ങിയ പി എൻ മേനോന്റെ ചിത്രത്തിൽ മധു അവതരിപ്പിച്ച നായക കഥാപാത്രമായ ബാപ്പൂട്ടിയായി മോഹൻലാൽ എത്തുമ്പോൾ പ്രശസ്ത നടൻ ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമായ കുഞ്ഞാലിയെയാണ് ഹരീഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
Story Highlights: Hareesh peradi facebook post goes viral