തമിഴ്‌നാട്ടിലെ ഏറ്റവും ഉയർന്ന നികുതിദായകനായി രജനികാന്ത്; സർട്ടിഫിക്കറ്റ് സ്വീകരിച്ച് മകൾ

July 25, 2022

കൃത്യസമയത്ത് സ്ഥിരമായി നികുതി അടച്ചതിന് തമിഴ് നടൻ രജനികാന്തിനെ ആദായ നികുതി വകുപ്പ് അടുത്തിടെ ആദരിച്ചിരുന്നു. ഞായറാഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിൽ നടന്റെ മകൾ ഐശ്വര്യ രജനികാന്തിനെ പ്രതിനിധീകരിച്ച് അവാർഡ് ഏറ്റുവാങ്ങി. തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുമായ ഡോ. തമിഴിസൈ സൗന്ദരരാജൻ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു.

ചടങ്ങിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് ഐശ്വര്യ രജനികാന്ത് കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്; “ഉയർന്ന നികുതിദായകന്റെ മകൾ എന്ന നിലയിൽ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ആദായനികുതി വകുപ്പിന് വളരെ നന്ദി’- ഐശ്വര്യ കുറിക്കുന്നു. ഒട്ടേറെ ആളുകൾ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.

അതേസമയം, ജയിലർ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിനായി സംവിധായകൻ നെൽസൺ ദിലീപ്കുമാറിനൊപ്പം രജനികാന്ത് ഒന്നിക്കുകയാണ്. കന്നഡ നടൻ ശിവരാജ്കുമാറും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന പ്രോജക്റ്റ് ഉടൻ തിയറ്ററുകളിലെത്തും. റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യ റായ് ബച്ചൻ നായികയായി അഭിനയിക്കാനുള്ള ചർച്ചകൾ നടക്കുന്നു. 2021-ലെ ദീപാവലിക്ക് സമ്മിശ്ര പ്രതികരണം നേടിയ ശിവ സംവിധാനം ചെയ്ത അണ്ണാത്തെയാണ് രജനികാന്ത് അവസാനമായി അഭിനയിച്ചത്.

അതേസമയം, രാജ്യത്തെ ഏറ്റവും ഉയർന്ന നികുതിദായകനെന്ന നിലയിൽ ആദായനികുതി വകുപ്പ് അക്ഷയ് കുമാറിനെ ആദരിച്ചിരുന്നു. താരത്തിന് ആദായ നികുതി വകുപ്പിന്റെ ‘സമ്മാൻ പത്ര’വും ലഭിച്ചിട്ടുണ്ട്.

Story highlights- income tax department of Tamilnadu and Puducherry honored rajanikanth