ദൃഢനിശ്ചയത്തിന്റെ നേട്ടം; മേക്കോവർ ചിത്രങ്ങളുമായി ഖുശ്‌ബു സുന്ദർ

July 25, 2022

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരമാണ് ഖുശ്‌ബു. മലയാളത്തിൽ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും ഖുശ്‌ബു വേഷമിട്ടിട്ടുണ്ട്. മാത്രമല്ല, സിനിമാ സൗഹൃദങ്ങൾ ഖുശ്‌ബു കാത്തുസൂക്ഷിക്കുന്നുണ്ട്. അൻപതുവയസ് പിന്നിട്ട നടി ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഇപ്പോഴിതാ, മേക്കോവർ ചിത്രങ്ങളുമായി അമ്പരപ്പിക്കുകയാണ് ഖുശ്‌ബു. പതിനഞ്ചു കിലോയോളം ഭാരമാണ് ഖുശ്‌ബു വർക്ക്ഔട്ടിലൂടെ കുറച്ചത്.

‘ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’ എന്ന ക്യാപ്ഷനൊപ്പമാണ് ഖുശ്‌ബു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ദിവസവും രണ്ടു മണിക്കൂർ വർക്ക്ഔട്ട് ചെയ്യാറുണ്ടെന്നും ഡയറ്റ് പിന്തുടരുന്നുണ്ടെന്നും നടി പങ്കുവെച്ചിരുന്നു. അതിനാൽ തന്നെ ഖുശ്‌ബുവിന്റെ മാറ്റത്തെക്കുറിച്ച് ആരാധകരും ആകാംക്ഷയിലായിരുന്നു.

അതേസമയം, ലോക്ക് ഡൗൺ ദിനങ്ങളിൽ സിനിമാതിരക്കിൽ നിന്നും ഇടവേളയെടുത്ത് സൗന്ദര്യ സംരക്ഷണത്തിനായി സമയം മാറ്റിവെച്ചിരുന്നു നടി. പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ രീതികൾ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതോടൊപ്പം, അടുത്തിടെ കണ്ണിന് ശസ്ത്രക്രിയ ചെയ്യുന്നതുകൊണ്ട് സമൂഹമാധ്യങ്ങളിൽ നിന്നും കുറച്ചുനാൾ നടി ഇടവേള എടുത്തിരുന്നു.

Read Also: നഞ്ചിയമ്മയെ നെഞ്ചിലേറ്റി രാജ്യം; ദേശീയ പുരസ്ക്കാരം പ്രിയപ്പെട്ട സച്ചി സാറിന് സമർപ്പിച്ച് മലയാളികളുടെ അഭിമാന താരകം

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തതോടെ ഖുശ്‌ബു ശ്രദ്ധിക്കപ്പെട്ടു.

രജനികാന്ത്, കമലഹാസൻ, സത്യരാജ്,പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പമെല്ലാം ഖുശ്‌ബു വേഷമിട്ടിരുന്നു. തമിഴിലും മലയാളത്തിലും കന്നടയിലും സജീവമാണ് ഖുശ്‌ബു. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Story highlights- khushboo sundar makeover