“വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി..”; മലയാളികളുടെ പ്രിയപ്പെട്ട പ്രേം നസീർ ഗാനവുമായി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി കൃഷ്‌ണശ്രീ

July 10, 2022

പാട്ടുവേദിയുടെ പ്രിയ പാട്ടുകാരിയാണ് കൃഷ്‌ണശ്രീ. വേദിയിൽ തന്റേതായ ഒരു ആലാപന ശൈലി കൊണ്ട് വന്ന കുഞ്ഞു ഗായികയായ കൃഷ്‌ണശ്രീയുടെ പാട്ടിനായി കാത്തിരിക്കുന്ന ആരാധകർ നിരവധിയാണ്. അനുഗ്രഹിക്കപ്പെട്ട ശബ്‌ദത്തിനുടമയാണ് ഈ കൊച്ചു ഗായികയെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇപ്പോൾ മലയാളികൾ നെഞ്ചോടേറ്റു വാങ്ങിയ ഒരു നിത്യ ഹരിത ഗാനവുമായിട്ടാണ് കൃഷ്‌ണശ്രീ വേദിയിലെത്തിയത്. 1975 ൽ റിലീസ് ചെയ്‌ത ‘പിക്ക്നിക്ക്’ എന്ന ചിത്രത്തിലെ “വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി..” എന്ന് തുടങ്ങുന്ന ഗാനമാണ് കൊച്ചു ഗായിക വേദിയിൽ ആലപിച്ചത്. എം കെ അർജുനൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പ്രിയ കവി ശ്രീകുമാരൻ തമ്പിയാണ്. യേശുദാസും വാണി ജയറാമും ആലപിച്ചിരിക്കുന്ന ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറും നടി ലക്ഷ്‌മിയുമാണ്.

എത്ര പ്രയാസമേറിയ പാട്ടും ഏറ്റവും മികവോടെ പാടാറുള്ള കൃഷ്‌ണശ്രീയുടെ പാട്ടിന്റെ സെലക്ഷനെയും ആലാപനത്തെയും ഇത്തവണയും നിറഞ്ഞ കൈയടികളോടെയാണ് വിധികർത്താക്കൾ സ്വീകരിച്ചിരിക്കുന്നത്. നേരത്തെയും ഗംഭീരമായ ആലാപനം കൊണ്ട് പാട്ടുവേദിയുടെ കൈയടികളും പ്രശംസകളും ഏറ്റുവാങ്ങിയിട്ടുണ്ട് ഈ കൊച്ചു ഗായിക. നിഷ്കളങ്കമായ വർത്തമാനങ്ങൾക്കൊണ്ടും മധുരസുന്ദര ശബ്ദം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാളായി മാറിക്കഴിഞ്ഞു കൃഷ്‌ണശ്രീ.

Read More: ‘ക്യാ ബാത്ത് ഹേ..’; ഇനി പുതിയ ഭാവങ്ങൾ ഇടണമെന്ന് എം ജി ശ്രീകുമാർ, പ്രായം അനുസരിച്ച് കാര്യങ്ങൾ ചെയ്‌താൽ കൊള്ളാമെന്ന് അനുരാധ ശ്രീറാം, പാട്ടുവേദിയിലെ ചിരി നിമിഷങ്ങൾ

ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. പ്രശസ്‌തരായ പല ഗായകരും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്‌ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

Story Highlights: Krishnasree with an amazing performance