‘ദയവായി ഒരു വളർത്തുമൃഗത്തെ ദത്തെടുക്കുക…’- വളർത്തു നായയുടെ രണ്ടാം പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി കനിഹ
മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ.
ഇപ്പോഴിതാ, വളർത്തുനായ മാഗിയുടെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി. വളർത്തുമൃഗങ്ങൾക്കായി ഷോപ്പിംഗ് നടത്തുന്നതിന് പകരം വളർത്തുമൃഗങ്ങളെ ദത്തെടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ചിന്തോദ്ദീപകമായ കുറിപ്പ് ആണ് നടി പങ്കുവെച്ചത്. 2020 ൽ പകർച്ചവ്യാധിയുടെ തുടക്കത്തിലാണ് കനിഹ തന്റെ നായയെ ദത്തെടുത്തത്. വളർത്തുനായ തന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായി മാറിയെന്ന് നടി പങ്കുവെച്ചു.
കനിഹയുടെ വാക്കുകൾ;
കൊവിഡ് 2020 സീസണിലാണ് ഞാൻ മാഗിയെ ദത്തെടുത്തത്. അവളെ കണ്ട നിമിഷം, അവൾക്ക് ഒരു വീട് നൽകണമെന്ന് എനിക്കറിയാമായിരുന്നു. എനിക്ക് ആദ്യനായയെ നഷ്ടപ്പെട്ടതിന് ശേഷം മറ്റൊരു വളർത്തുമൃഗത്തെ വളർത്താൻ ആദ്യം സംശയമുണ്ടായിരുന്നു. പക്ഷേ ഇവൾ എന്റെ മടിയിലേക്ക് വന്ന നിമിഷം എന്റെ ലോകം മാറിമറിഞ്ഞു.. അത്രയേറെ സ്നേഹവും വികൃതിയും നിറഞ്ഞു. അവൾ ഇന്ന് ഞങ്ങളുടെ വലിയൊരു ഭാഗമാണ്. അവൾക്ക് ഇന്ന് 2 വയസ്സ് തികയുന്നു’- കനിഹ കുറിക്കുന്നു.
വളർത്തുമൃഗത്തെ വീട്ടിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ ഷോപ്പിംഗിന് പകരം ദത്തെടുക്കുന്നത് പരിഗണിക്കണമെന്ന് നടി പറയുന്നു. ‘നിങ്ങൾ ഇത് വായിക്കുകയും ഒരു പെറ്റ് ഓണർ ആകാൻ ആലോചിക്കുകയും ചെയ്യുന്നുവെങ്കിൽ, എനിക്ക് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. ദയവായി ഒരു വളർത്തുമൃഗത്തെ ദത്തെടുക്കുക. അവർക്ക് ഒരു വീട് നൽകുക, അവർക്ക് സ്നേഹം നൽകുക. അവർ നിങ്ങളെ നൂറുമടങ്ങ് സ്നേഹിക്കും’-കനിഹയുടെ വാക്കുകൾ.
Read Also: “പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്..”; വൈറലായി വിനീത് ശ്രീനിവാസൻ പോളണ്ടിൽ നിന്ന് പങ്കുവെച്ച ചിത്രം
അതേസമയം, കനിഹ അവസാനമായി വേഷമിട്ടത് ‘പാപ്പൻ’ എന്ന ചിത്രത്തിലാണ്. സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സൂസൻ എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു.
Story highlights- Please adopt a pet says Kaniha