‘വലിയൊരു ബൈക്കപകടത്തിൽ നിന്ന് രക്ഷിച്ചത് ഒരു ആരാധകൻ..’; ഓർമ്മ പങ്കുവെച്ച് സീമ

July 20, 2022

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. മലയാള സിനിമയിൽ ഏറ്റവും ആരാധക വൃന്ദമുള്ള നടിമാരുടെ കൂട്ടത്തിലാണ് സീമയുടെ സ്ഥാനം. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ ഒട്ടേറെ ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രത്തെ നടി അവതരിപ്പിച്ചിട്ടുണ്ട്. ആരാധകർക്കും സിനിമ നിരൂപകർക്കും ഒരേ പോലെ പ്രിയപ്പെട്ട നടിയായിരുന്നു സീമ.

ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയിരുന്നു സീമ. എപ്പിസോഡിൽ കാളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് നടന്ന ഒരു അപകടത്തെ പറ്റി സീമ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ചിത്രത്തിൽ സീമ ബുള്ളറ്റ് ഓടിക്കുന്ന ഒരു സീനുണ്ടായിരുന്നു. ഒരു പക്ഷെ മലയാള സിനിമയിൽ ആദ്യമായിട്ടായിരുന്നു ഒരു നടി സിനിമയിൽ ബുള്ളറ്റ് ഓടിക്കുന്നത്. അതിനായി പ്രത്യേക പരിശീലനവും സീമ നേടിയിരുന്നു.

പരിശീലന സമയത്ത് ഇടത് ഭാഗത്ത് ക്ലച്ചും വലത് ഭാഗത്ത് ബ്രേക്കുമുള്ള ബുള്ളറ്റായിരുന്നു നടിക്ക് നൽകിയത്. അതിൽ വളരെ നന്നായി തന്നെ സീമ പരിശീലനം ചെയ്യുകയും ചെയ്‌തു. എന്നാൽ ഷൂട്ടിങ്ങിന് ഇടത് ഭാഗത്ത് ബ്രേക്കും വലത് ഭാഗത്ത് ക്ലച്ചുമുള്ള ബൈക്കായിരുന്നു സീമയ്ക്ക് നൽകിയത്. അതിനാൽ തന്നെ ഓടിച്ചു തുടങ്ങി അൽപസമയത്തിനകം സീമയ്ക്ക് ബൈക്കിന് മേലുള്ള നിയന്ത്രണം നഷ്‌ടമായി. ഒടുവിൽ ബൈക്ക് ഒരു മരത്തിൽ ഇടിക്കുമെന്ന അവസ്ഥ വന്നു.

എന്നാൽ കൃത്യമായ സമയത്ത് ഒരു പയ്യൻ വന്ന് ബൈക്കിൽ തട്ടുകയും മരത്തിൽ ഇടിക്കുന്നത് ഒഴിവാക്കുകയും ചെയ്‌തുവെന്നാണ് സീമ പറയുന്നത്. കാലിന് പരിക്കേറ്റെങ്കിലും വലിയ ഒരു ദുരന്തത്തിൽ നിന്നാണ് തന്നെ ആ പയ്യൻ രക്ഷിച്ചതെന്നാണ് സീമ പറയുന്നത്. തന്റെ ഷൂട്ടിംഗ് ഉണ്ടെന്നറിഞ്ഞ് തന്നെ കാണാനെത്തിയ ഒരു ആരാധകനായിരുന്നു പയ്യനെന്നും സീമ ഓർത്തെടുത്തു. മെക്കാനിക്കായ ആ പയ്യനാണ് വലിയ ഒരപകടം ആ ദിവസം ഒഴിവാക്കിയതെന്നും സീമ കൂട്ടിച്ചേർത്തു.

Read More: “അന്ന് ഡാൻസ് പഠിപ്പിക്കാൻ വന്ന 17 വയസ്സുകാരൻ പയ്യനാണ് ഇന്നത്തെ ഉലകനായകൻ..”; അറിവിന്റെ വേദിയെ വിസ്‌മയിപ്പിച്ച രസകരമായ ഓർമ്മ പങ്കുവെച്ച് സീമ

Story Highlights: Seema about a fan rescuing her from an accident