“അന്ന് ഡാൻസ് പഠിപ്പിക്കാൻ വന്ന 17 വയസ്സുകാരൻ പയ്യനാണ് ഇന്നത്തെ ഉലകനായകൻ..”; അറിവിന്റെ വേദിയെ വിസ്‌മയിപ്പിച്ച രസകരമായ ഓർമ്മ പങ്കുവെച്ച് സീമ

July 18, 2022

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ ഒട്ടേറെ ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് സീമ. ആരാധകർക്കും സിനിമ നിരൂപകർക്കും ഒരേ പോലെ പ്രിയപ്പെട്ട നടിയായിരുന്നു സീമ. മലയാള സിനിമയിൽ ഏറ്റവും ആരാധക വൃന്ദമുള്ള നടിമാരുടെ കൂട്ടത്തിലാണ് സീമയുടെ സ്ഥാനം.

ഇപ്പോൾ സീമ ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമായി മാറുന്നത്. സിനിമയിൽ വന്ന കാലത്ത് 17 വയസ്സുകാരനായ ഒരു പയ്യൻ തന്നെ നൃത്തം പഠിപ്പിച്ചതിനെ പറ്റിയാണ് സീമ പറയുന്നത്. എല്ലാവരോടും വളരെ കാർക്കശ്യത്തോടെ ഇടപെട്ട പയ്യൻ തന്നോടും വളരെ ഗൗരവത്തോടെയാണ് സംസാരിച്ചതെന്നാണ് സീമ പറയുന്നത്. ഈ പയ്യനാണ് ഇന്നത്തെ ഉലകനായകൻ കമൽ ഹാസൻ എന്ന് സീമ പറഞ്ഞപ്പോൾ വേദിക്കും പ്രേക്ഷകർക്കും അതൊരു കൗതുകകരമായ അറിവായി മാറുകയായിരുന്നു.

അതോടൊപ്പം തന്നെ പത്ത് വർഷത്തെ ഇടവേള സിനിമയിൽ നിന്നെടുത്തതിനെ പറ്റിയും അതിന് ശേഷം ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ തിരികെ സിനിമയിലെത്തിയതിനെ പറ്റിയും സീമ മനസ്സ് തുറന്നിരുന്നു.

Read More: “ഹായ്, റെഡി, ക്ലാപ്പ്..”; ആടിയും പാടിയും പാട്ടുവേദിയെ ആഘോഷത്തിലാറാടിച്ച് വൈഗക്കുട്ടി

ഒളിമ്പ്യൻ അന്തോണി ആദത്തിൽ ഒരു കഥാപാത്രമുണ്ടെന്നും സീമ തന്നെ ആ കഥാപാത്രം ചെയ്യണമെന്നും പറയുകയായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ഭദ്രൻ. ബിസിനസ്സ് കാര്യങ്ങളിൽ കൂടുതകൾ ശ്രദ്ധ കൊടുക്കാൻ അഭിനയത്തിൽ നിന്ന് ഒരിടവേള എടുത്ത താൻ അങ്ങനെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയതെന്നും താരം വേദിയിൽ പറഞ്ഞു. പത്ത് വർഷത്തിന് ശേഷം തിരിച്ചു വന്നപ്പോൾ അഭിനയിക്കുമ്പോൾ നേരിട്ട ചില ബുദ്ധിമുട്ടുകളെ പറ്റിയും സീമ അറിവിന്റെ വേദിയിൽ പങ്കുവെച്ചു.

Story Highlights: Seema about kamal hasan