ദൃശ്യവിസ്മയമൊരുക്കാൻ ‘അവതാർ’ വീണ്ടും വരുന്നു; ആദ്യ ഭാഗത്തിന്റെ റീ-റിലീസ് സെപ്റ്റംബർ 23 ന്
സിനിമ പ്രേക്ഷകരെ ദൃശ്യവിസ്മയങ്ങളുടെ അത്ഭുത ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയ ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ ‘അവതാർ.’ ഇപ്പോൾ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. അവതാറിന്റെ രണ്ടാം ഭാഗമായ ‘അവതാർ: ദി വേ ഓഫ് വാട്ടർ’ എന്ന സിനിമ റിലീസാവുന്നതിനു മുന്നോടി ആയാണ് അവതാർ വീണ്ടും തിയേറ്ററുകളിലെത്തുക. ചിത്രത്തിൻ്റെ 4 കെ എച്ച്ഡിആർ ത്രീഡി വേർഷൻ സെപ്റ്റംബർ 23ന് ലോകവ്യാപകമായി റീ-റിലീസ് ചെയ്യും. ഇന്ത്യയിലെ പരിമിത എണ്ണം തിയേറ്ററുകളിലും സിനിമ റിലീസാവും.
റീ-റിലീസിനു മുന്നോടിയായി ചിത്രത്തിൻ്റെ പുതിയ ട്രെയ്ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംവിധായകൻ ജെയിംസ് കാമറൂൺ തന്നെയാണ് ട്രെയ്ലറും പുതിയ പോസ്റ്ററും പങ്കുവച്ചത്.
ഡിസംബർ 16 നാണ് അവതാറിന്റെ രണ്ടാം ഭാഗമായ ‘അവതാർ: ദി വേ ഓഫ് വാട്ടർ’ റിലീസാവുന്നത്. അവതാർ ആദ്യ ഭാഗത്തിൽ അഭിനയിച്ച സാം വേർതിംഗ്ടണും സോ സൽഡാനയുമൊക്കെ രണ്ടാം ഭാഗത്തിലും ഉണ്ട്. ഇവരെക്കൂടാതെ കേറ്റ് വിൻസ്ലറ്റ്, വിൻ ഡീസൽ എന്നിവരും ചിത്രത്തിൽ വേഷമിടും.
മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. അവതാർ 2 ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നായിരുന്നു സൂചന. 1832 കോടി നിർമാണ ചിലവിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് വെള്ളത്തിന് അടിയിലാണ്. നേരത്തെ തന്നെ അവതാർ 2ന്റെ ലൊക്കേഷൻ ഫോട്ടോകൾ വൈറലായിരുന്നു.
Read More: “ഒരു കഥ സൊല്ലട്ടുമാ..”; ത്രില്ലടിപ്പിച്ച് ഹിന്ദി വിക്രം വേദയുടെ ടീസറെത്തി
അതേ സമയം 2009 ഡിസംബർ 19 നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2012 ലാണ് ചിത്രത്തിന് തുടർ ഭാഗം ഉണ്ടാകുമെന്ന് ജെയിംസ് കാമറൂൺ അറിയിച്ചത്. ആദ്യം രണ്ടും മൂന്നും ഭാഗങ്ങളാണ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ കഥ വികസിച്ച് വന്നപ്പോൾ നാലും അഞ്ചും ഭാഗങ്ങളും സീരീസിന്റെ ഭാഗമായി. 7500 കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്. 20ത്ത് സെഞ്ച്വറി സ്റ്റുഡിയോ, ലൈറ്റ് സ്റ്റോം എന്റർടെയ്ൻമെന്റ് എന്നീ നിർമാണക്കമ്പനികളാണ് സിനിമ നിർമിക്കുന്നത്.
Story Highlights: Avatar re-release