വീണ്ടും ഫിഫ വിലക്കിൽ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്; പ്രീസീസൺ പര്യടനം റദ്ദാക്കി

August 18, 2022

ഫിഫയുടെ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വിലക്ക് ലഭിച്ചത്. ഫിഫ കൗണ്‍സിലിന്‍റേതാണ് തീരുമാനം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നായിരുന്നു ഫിഫയുടെ നടപടി.

വിലക്കിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. എഐഎഫ്എഫിനെ ഫിഫ വിലക്കിയ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീസീസൺ പര്യടനം റദ്ദാക്കിയിരിക്കുകയാണ്. ടീം അംഗങ്ങൾ പ്രീസീസണിനായി യുഎഇയിലെത്തിയിരുന്നെങ്കിലും വിലക്കിൻ്റെ സാഹചര്യത്തിൽ മൂന്ന് മത്സരങ്ങളും റദ്ദാക്കുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വിവരം പുറത്തുവിട്ടത്. പ്രീസീസൺ റദ്ദാക്കിയെങ്കിലും താരങ്ങൾ ദുബായിൽ തന്നെ പരിശീലനം തുടരുമെന്നും ക്ലബ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ഐഎസ്എല്ലിനും വലിയ തിരിച്ചടിയാണ് വിലക്കിലൂടെ നേരിടേണ്ടി വന്നിരിക്കുന്നത്. വിദേശ താരങ്ങളുടെ സൈനിങ്‌ ഇനിയങ്ങോട്ട് നടന്നേക്കില്ല. ഇനിയൊരു വിദേശ താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സിന് സൈൻ ചെയ്യേണ്ടതുണ്ടായിരുന്നു. ഇനി ഇത് നടക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആവട്ടെ ഇതുവരെ ഒരു വിദേശ താരത്തെയും സൈൻ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ നോർത്ത് ഈസ്റ്റിന് ഇന്ത്യൻ താരങ്ങളെ അണിനിരത്തി കളിക്കേണ്ടിവരും.

Read More: ആദ്യം അമ്പരന്നു, പിന്നെ പുഞ്ചിരിച്ചു..; അമേരിക്കയിലെ സഞ്ജു ആരാധകരുടെ ആഘോഷം ആസ്വദിച്ച് നായകൻ രോഹിത് ശർമ്മ

അതോടൊപ്പം തന്നെ ഫിഫ ഐഎസ്എലിനു നൽകി വന്നിരുന്ന ധനസഹായം ഇനി ലഭിക്കില്ല. അത് എഐഎഫ്എഫിന്റെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവും. ഐഎസ്എൽ ടീമുകൾക്ക് ലഭിച്ചിരുന്ന എഎഫ്സി ചാമ്പ്യൻഷിപ്പ് യോഗ്യതയും എഎഫ്സി കപ്പ് യോഗ്യതയും ഇനി ലഭിക്കില്ല. എഎഫ്സി കപ്പ് യോഗ്യത നേടിയിരുന്ന എടികെ മോഹൻ ബഗാൻ ടൂർണമെൻ്റിൽ നിന്ന് പുറത്താവും.

Story Highlights: Blasters cancels pre-season tour