‘മഞ്ഞക്കുപ്പായത്തിലെ പുതിയ പോരാളി’; ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സിൽ
കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ വിദേശ താരമെത്തി. ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസാണ് ടീമിലേക്കെത്തിയത്. താരവുമായി കരാറിലെത്തിയതായി ക്ലബ് സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. ക്രൊയേഷ്യന്‍ ടോപ് ഡിവിഷന് ക്ലബ് എച്ച്എന്‍കെ ഹയ്ദുക് സ്പ്ലിറ്റില്‍നിന്നാണ് ഇരപത്തൊമ്പതുകാരനായ മുന്നേറ്റ താരം കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്.
ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതിന് മുന്‍പ് ഇസ്രയേലി ക്ലബ് എഫ്സി അസ്ഹഡോഡിനൊപ്പം വായ്പാടിസ്ഥാനത്തില്‍ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളെയും ദിമിത്രിയോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. 46 മത്സരങ്ങളില്‍ 19 ഗോളും നേടി. യൂറോപ്യന്‍ അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ ടീമിനൊപ്പമുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ രണ്ടാമത്തെ ടോപ് സ്കോററുമായി. ഡയമാന്റകോസ് ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണ കളിച്ചിട്ടുണ്ട്. മുന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ കോച്ച് ക്ലോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്.
മഞ്ഞക്കുപ്പായത്തിലെ പുതിയ പോരാളി! ⚽🎯@DiamantakosD #SwagathamDimitrios #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/eoCoVdKVIf
— Kerala Blasters FC (@KeralaBlasters) August 26, 2022
നേരത്തെ വിദേശ താരങ്ങളുടെ സൈനിങ് വൈകുന്നതിൽ പ്രതിഷേധിച്ച് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് രസകരമായ ഒരു വിഡിയോയിലൂടെ ബ്ലാസ്റ്റേഴ്സ് മറുപടി നൽകിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ സൈനിങ് എപ്പോഴാണെന്ന് ആരാധകർ കഴിഞ്ഞ കുറച്ചു നാളുകളായി ചോദിക്കുന്നുണ്ടായിരുന്നു. ഇതിനുള്ള മറുപടിയായാണ് ബ്ലാസ്റ്റേഴ്സ് ട്രോൾ രൂപത്തിലുള്ള ഒരു വിഡിയോ പങ്കുവെച്ചത്.
‘ക്ഷമ വേണം, സമയമെടുക്കും” എന്ന പ്രശസ്ത സിനിമ ഡയലോഗ് കുറിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കമെന്റുകൾക്കുള്ള മറുപടിയായി മഹേഷിന്റെ പ്രതികാരത്തിലെ ദിലീഷ് പോത്തന്റെ ‘ചിൽ സാറ ചിൽ’ എന്ന ഡയലോഗ് ഉൾപ്പെടുത്തിയാണ് ടീം വിഡിയോ പങ്കുവെച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
Story Highlights: Dimitrios Diamantakos joins kerala blasters