പഴകുംതോറും വീര്യംകൂടും വീഞ്ഞുപോലെ..- ഫഹദിന് നാൽപതാം പിറന്നാൾ ആശംസിച്ച് നസ്രിയ നസീം

August 8, 2022

മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ നാല്പതാം പിറന്നാൾ നിറവിലാണ്. സിനിമാ താരങ്ങളും ആരാധകരും ഒരുപോലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഊഷ്മളമായ ജന്മദിനാശംസകളും അഭിനന്ദന സന്ദേശങ്ങളും കൊണ്ട് നിറയുകയാണ്.

ഫഹദ് ഫാസിലിന്റെ ഭാര്യയും നടിയുമായ നസ്രിയ നസീം ഇൻസ്റ്റാഗ്രാമിൽ ഒരു ഹൃദ്യമായ കുറിപ്പിലൂടെ ആശംസകൾ നേർന്നു. ഒപ്പം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളുമുണ്ട്. ‘ജന്മദിനാശംസകൾ മിസ്റ്റർ ഭർത്താവ് . നല്ല വീഞ്ഞ് പോലെ വീര്യമേറുന്ന പ്രായം… പ്രായം കൂടുന്തോറും മെച്ചപ്പെടുന്നു… മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ..’- നസ്രിയ കുറിക്കുന്നു.

മലയാളികളുടെ പ്രിയ നടനാണ് ഫഹദ് ഫാസിൽ. പതിനെട്ടാം വയസിൽ നായകനായെത്തിയ ആദ്യ സിനിമക്ക് ശേഷം വർഷങ്ങളുടെ ഇടവേളയെടുത്താണ് ഫഹദ് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയത്. മടങ്ങി വരവിൽ ചെറിയ വേഷങ്ങളുമൊക്കെയായി മുഖം കാണിച്ച ഫഹദ് ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ നായകനായി. പിന്നീട് മലയാളത്തിലും തമിഴിലുമായി ഹിറ്റുകൾ സമ്മാനിക്കുകയാണ്. തെലുങ്കിൽ അല്ലു അർജുനൊപ്പം പുഷ്പ എന്ന സിനിമയിലും നടൻ വേഷമിട്ടു.

അതേസമയം ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങളാണ്.   പാച്ചുവും അത്ഭുതവിളക്കും, പുഷ്പ-2 തുടങ്ങി നിരവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം, മലയൻകുഞ്ഞ് എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനം വളരെയേറെ ശ്രദ്ധനേടിയിരുന്നു.

Read Also: “യമുനേ നീ ഒഴുകൂ..;” ജാനകിയമ്മയുടെ വിസ്‌മയകരമായ ആലാപനത്തെ ഓർമ്മപ്പെടുത്തി പ്രിയ പാട്ടുകാരി ഹനൂന

മഹേഷ് നാരായണന്റെ തിരക്കഥയിൽ ഫഹദ് ഫാസിലിനെ നായകനാക്കി സജിമോൻ പ്രഭാകർ സംവിധാനം ചെയ്ത ചിത്രമാണ് മലയൻകുഞ്ഞ്. രജിഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിലാണ്. മഹേഷ് ആദ്യമായി ഛായാഗ്രാഹകനായ ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്.

Story highlights-Fahadh Faasil turns 40