ഫിഫ വിലക്ക് നീങ്ങാൻ സാധ്യത; നടപടികൾ കൈക്കൊണ്ട് സുപ്രീം കോടതി

August 22, 2022

അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷന് ഫിഫ നൽകിയ വിലക്ക് അടുത്ത ദിവസങ്ങളിൽ മാറിയേക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഫുട്‌ബോൾ ഫെഡറേഷന്റെ താൽക്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി സുപ്രീം കോടതി പിരിച്ച് വിട്ടതിനെ തുടർന്നാണ് വിലക്ക് മാറിയേക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറൽ സുനന്ദോ ധറിനു കൈമാറി സുപ്രീം കോടതി ഉത്തരവിറക്കി. ഫുട്‌ബോൾ ഫെഡറേഷന്റെ എക്‌സിക്യുട്ടീവ് കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയ സുപ്രീം കോടതി ഭരണത്തിൽ മൂന്നാം കക്ഷി ഇടപെടുന്നത് വിലക്കുകയും ചെയ്തു

ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടർ 17 ഫിഫ ലോകകപ്പ് നഷ്ടമാവാതിരിക്കാനാണ് കോടതിയുടെ ശ്രമം. എക്‌സിക്യൂട്ടീവ് കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഓഗസ്റ്റ് 28 ആയിരുന്നു. ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. എക്‌സിക്യൂട്ടിവ് കൗൺസിലിൽ ആകെ 23 അംഗങ്ങളാണ് ഉള്ളത്. ഇതിൽ പതിനേഴ് അംഗങ്ങളെ തിരഞ്ഞെടുക്കണം. 6 സ്ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട താരങ്ങളെ നോമിനേറ്റ് ചെയ്യും. ഇതിൽ നാല് പുരുഷന്മാരും രണ്ട് വനിതകളും വേണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Read More: സഞ്‌ജുവിന്റെ വിജയം കൈയടിച്ച് ആഘോഷിച്ച് കുഞ്ഞ് ആരാധകർ; വിഡിയോ വൈറൽ

എഐഎഫ്എഫ് ഭരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് ആരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് പ്രസിഡൻ്റായി തുടർന്ന പ്രഫുൽ പട്ടേലിനെ സുപ്രീം കോടതി ഇടപെട്ടാണ് പുറത്താക്കിയത്. പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രീം കോടതി ഫെഡറേഷനെ നയിക്കാൻ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്. ഇതാണ് എഐഎഫ്എഫ് വിലക്കിനുള്ള പ്രധാന കാരണം. ദേശീയ ഫെഡറേഷനുകൾക്ക് അംഗീകാരം നൽകേണ്ടത് തങ്ങളാണെന്നും അതിൽ മറ്റ് ഘടകങ്ങൾ ഇടപെട്ടാൽ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിഫ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Story Highlights: Fifa ban on AIFF may be lifted