ഫിഫ വിലക്കിൽ കുരുങ്ങി ബ്ലാസ്റ്റേഴ്സും; അടുത്ത വിദേശ താരത്തെ സൈൻ ചെയ്യാൻ കഴിഞ്ഞേക്കില്ലെന്ന് സൂചന
അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് ഫിഫ നൽകിയ വിലക്കിൽ ആശങ്കരായിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ. ഫിഫയുടെ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് എഐഎഫ്എഫിന് വിലക്ക് ലഭിച്ചത്. ഫിഫ കൗണ്സിലിന്റേതാണ് തീരുമാനം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഫിഫയുടെ നടപടി.
ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെയും വിലക്ക് ബാധിക്കുമെന്നാണ് ഒടുവിൽ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഒരു വിദേശ താരത്തെക്കൂടി ടീമിൽ എത്തിക്കേണ്ടതുണ്ട്. ഇതിനി സാധിച്ചേക്കില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആവട്ടെ ഇതുവരെ ഒരു വിദേശ താരത്തെയും സൈൻ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ നോർത്ത് ഈസ്റ്റിന് ഇന്ത്യൻ താരങ്ങളെ അണിനിരത്തി കളിക്കേണ്ടിവരും.
അതോടൊപ്പം തന്നെ ഫിഫ ഐഎസ്എലിനു നൽകി വന്നിരുന്ന ധനസഹായം ഇനി ലഭിക്കില്ല. അത് എഐഎഫ്എഫിന്റെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവും. ഐഎസ്എൽ ടീമുകൾക്ക് ലഭിച്ചിരുന്ന എഎഫ്സി ചാമ്പ്യൻഷിപ്പ് യോഗ്യതയും എഎഫ്സി കപ്പ് യോഗ്യതയും ഇനി ലഭിക്കില്ല. എഎഫ്സി കപ്പ് യോഗ്യത നേടിയിരുന്ന എടികെ മോഹൻ ബഗാൻ ടൂർണമെൻ്റിൽ നിന്ന് പുറത്താവും.
ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതി പിരിച്ചുവിട്ട് ഉടൻ തെരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രിം കോടതി നീക്കത്തിനെതിരെ അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ദേശീയ ഫെഡറേഷനുകൾക്ക് അംഗീകാരം നൽകേണ്ടത് തങ്ങളാണെന്നും അതിൽ മറ്റ് ഘടകങ്ങൾ ഇടപെട്ടാൽ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിഫ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം 28ന് തെരഞ്ഞെടുപ്പു നടത്താനാണ് സുപ്രീം കോടതി വിധി.
Story Highlights: FIFA ban will affect kerala blasters