ഫിഫയുടെ വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യയ്ക്ക് നഷ്ടമാവും, ആരാധകർ ആശങ്കയിൽ
ഫിഫയുടെ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വിലക്ക്. ഫിഫ കൗണ്‍സിലിന്റേതാണ് തീരുമാനം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഫിഫയുടെ നടപടി.
ഇതിനെ തുടർന്ന് അണ്ടർ 17 വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് ഉറപ്പായി. ഒക്ടോബർ 11 മുതല്‍ 30 വരെയാണ് വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. ഫിഫ കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല.
വിലക്ക് തുടരുന്ന കാലം വരെ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാവില്ല. എഎഫ്സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പ്, എഎഫ്സി കപ്പ്, എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഇന്ത്യൻ ക്ലബ്ബുകൾക്ക് പങ്കെടുക്കാനാകില്ല. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതി പിരിച്ചുവിട്ട് ഉടൻ തെരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രിം കോടതി നീക്കത്തിനെതിരെ അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ദേശീയ ഫെഡറേഷനുകൾക്ക് അംഗീകാരം നൽകേണ്ടത് തങ്ങളാണെന്നും അതിൽ മറ്റ് ഘടകങ്ങൾ ഇടപെട്ടാൽ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിഫ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം 28ന് തെരഞ്ഞെടുപ്പു നടത്താനാണ് സുപ്രീം കോടതി വിധി.
Story Highlights: FIFA bans All India Football Federation