ഇന്ത്യൻ സൂപ്പർതാരം ജമീമ റോഡ്രിഗസിന് തനിക്ക് പ്രചോദനമായ മലയാളി താരത്തെ കാണാൻ ആഗ്രഹം…

August 7, 2022

ഇന്ന് രാത്രി 9.30 ന് കോമൺവെൽത്ത് ഗെയിംസ് വനിത ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യൻ ടീം. മത്സരത്തിന്റെ ഫലം എന്ത് തന്നെയായാലും മെഡൽ ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ.

ഇപ്പോൾ ഇന്ത്യയുടെ സൂപ്പർ ബാറ്റർ ജമീമ റോഡ്രിഗസിനെ പറ്റിയുള്ള ഒരു വാർത്തയാണ് ആരാധകർക്ക് കൗതുകമാവുന്നത്. കോമൺവെൽത്ത് ഗെയിംസിന് ശേഷം തന്നെ ഏറെ പ്രചോദിപ്പിച്ച ഒരു മലയാളി താരത്തെ നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്നാണ് താരം പറയുന്നത്. ഹോക്കി താരം ശ്രീജേഷിനെ നേരിൽ കാണണമെന്നാണ് ജമീമ പറയുന്നത്. അതിനോടൊപ്പം തനിക്ക് പ്രചോദനം നൽകിയ ബാഡ്‌മിന്റൺ താരം പി.വി.സിന്ധുവിനെയും നേരിൽ കാണാൻ ആഗ്രഹമുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.

അതേ സമയം ആവേശപ്പോരാട്ടത്തിനൊടുവിൽ സെമിഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം നേടിയാണ് ഇന്ത്യൻ ടീം ഫൈനലിലേക്ക് പ്രവേശിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 165 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 160 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.

Read More: ദേശീയ ഗാനം മുഴങ്ങിയപ്പോൾ വിതുമ്പി കരഞ്ഞ് സാക്ഷി മാലിക്ക്; ഇന്ത്യയുടെ അഭിമാന നിമിഷത്തിന് സാക്ഷിയായി ബർമിംഗ്‌ഹാം-വിഡിയോ

മത്സരത്തിൽ 44 റൺസെടുത്ത് ജമീമ നിർണായക പ്രകടനം പുറത്തെടുത്തിരുന്നു.ആദ്യം ഒന്ന് പതറിയെങ്കിലും അവസാന ഘട്ടത്തിലെ തകർപ്പൻ ബൗളിംഗ് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. 41 റൺസ് നേടിയ നതാലി സിവർ ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഓപ്പണർ ഡാനിയൽ വ്യാട്ട് 35 റൺസെടുത്തു. ഇന്ത്യക്കായി സ്നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.

Story Highlights: Jemimah rodrigues wishes to meet p r sreejesh