മികച്ച തുടക്കവുമായി കേരള വനിത ഫുട്‍ബോൾ ലീഗ്; ബ്ലാസ്റ്റേഴ്സിനും ഗോകുലത്തിനും മിന്നും ജയം

August 10, 2022

കേരള വനിത ഫുട്‍ബോൾ ലീഗിന് തുടക്കമായി. പുതുതായി രൂപീകരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് വനിത ടീമും ശക്തമായ ഗോകുലം കേരള എഫ്സിയ്ക്കും മത്സരമുണ്ടായിരുന്ന ആദ്യ ദിനം ഇരു ടീമുകളും വലിയ വിജയം നേടി.

ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയ ഗോകുലം കേരള എഫ് സി കേരള യുണൈറ്റഡ് മത്സരത്തിൽ എതിരില്ലാത്ത 11 ഗോളിന് ഗോകുലം വിജയിച്ചു. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട് ആയ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഗോകുലത്തിന് വേണ്ടി സബിത്ര ബന്ദരി 5 ഗോളുകൾ നേടി. ഗോകുലത്തിന്റെ മുന്നേറ്റത്തിലെ ശക്തമായ പോരാളി സബിത്ര തന്നെയാണ് കളിയിലെ മികച്ച താരവും.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയം നേടി. മഹാരാജസ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. എമിറെറ്റ്സ് സൊക്കർ ക്ലബ്ബിനെ എതിരില്ലാത്ത 10 ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചത്. കേരളത്തിന് വേണ്ടി അപൂർണ നസ്രി ഹാട്രിക് നേടി. കളിയിലുടനീളം തിളങ്ങിയ മാളവികയാണ് കളിയിലെ താരം.

Read More: ആദ്യം അമ്പരന്നു, പിന്നെ പുഞ്ചിരിച്ചു..; അമേരിക്കയിലെ സഞ്ജു ആരാധകരുടെ ആഘോഷം ആസ്വദിച്ച് നായകൻ രോഹിത് ശർമ്മ

അതേ സമയം ജൂലൈ 25 നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വനിത ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപനം നടത്തിയത്. വലിയ പിന്തുണയാണ് ടീമിന്റെ ഈ പ്രഖ്യാപനത്തിന് വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. “ഒരു പുതിയ തുടക്കം..നമ്മുടെ ഗെയിം എല്ലാവർക്കും വേണ്ടിയുള്ളതാണ്. കേരള ബ്ലാസ്റ്റേഴ്‌സ് വനിത ടീം രൂപീകരിക്കുന്ന വിവരം സന്തോഷത്തോട് കൂടി ഞങ്ങൾ അറിയിക്കുകയാണ്” എന്നാണ് വിഡിയോ പങ്കുവെച്ചു കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിൽ കുറിച്ചത്.

Story Highlights: Kerala women’s league started