ഓളവും തീരവും ഡബ്ബിങ് ആരംഭിച്ചു; ചിത്രം പങ്കുവെച്ച് ദുർഗ കൃഷ്ണ
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓളവും തീരവും.’ എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജിയിലെ ഒരു ചിത്രമാണിത്. ഇന്ത്യൻ സാഹിത്യത്തിലെ ഇതിഹാസമായ ജ്ഞാനപീഠ ജേതാവായ എംടി വാസുദേവൻ നായർക്കുള്ള സമർപ്പണമാണ് ചിത്രം.
ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. സംവിധായകൻ പ്രിയദർശൻ ചിത്രത്തിന് പായ്ക്കപ്പ് പറയുന്ന ഒരു വിഡിയോ നടൻ ഹരീഷ് പേരടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിനൊപ്പം അദ്ദേഹം പങ്കുവെച്ച കുറിപ്പും ഹൃദ്യമായിരുന്നു. പ്രിയദർശൻ സാറിന് ഇത് അദ്ദേഹത്തിന്റെ സ്വപ്നം പൂർത്തീകരിച്ച നിമിഷമായിരുന്നുവെന്നും അദ്ദേഹത്തിന്റെ കണ്ണുകളിൽ ആ സ്നേഹത്തിന്റെ നനവുണ്ടായിരുന്നുവെന്നും പറയുകയാണ് ഹരീഷ് പേരടി. മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു ആനന്ദം ഈ സിനിമയുടെ ഓരോ ശ്വാസത്തിലും അദ്ദേഹം അനുഭവിക്കുന്നുണ്ടായിരുന്നുവെന്നും ഈ പായ്ക്കപ്പ് പറച്ചിൽ ഒരു ചരിത്ര മുഹൂർത്തമായിരുന്നുവെന്നും ഹരീഷ് കൂട്ടിച്ചേർത്തു.
ഇപ്പോൾ ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ചിരിക്കുകയാണ്. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദുർഗ കൃഷ്ണയാണ് സമൂഹമാധ്യമങ്ങളിൽ ഈ വിവരം പങ്കുവെച്ചത്. നായകൻ മോഹൻലാലിനും സംവിധായകൻ പ്രിയദർശനുമൊപ്പമുള്ള ഒരു ചിത്രവും താരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
Read More: പുതുമയുള്ള വാർത്തകളുമായി ഗോകുൽ സുരേഷിന്റെ ‘സായാഹ്ന വാർത്തകൾ’ പ്രദർശനത്തിനെത്തി
എംടിയുടെ പത്ത് കഥകളാണ് ചെറു സിനിമകളാകുന്നത്. ‘ഓളവും തീരവും’ കൂടാതെ മറ്റൊരു ചിത്രവും പ്രിയദർശൻ സംവിധാനം ചെയ്യുന്നുണ്ട്. സന്തോഷ് ശിവന്, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഇവർക്കൊപ്പം എംടിയുടെ മകൾ അശ്വതിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.
Story Highlights: Olavum theeravum dubbing started