മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് പ്രകാശനം ചെയ്‌ത തന്റെ പുസ്‌തകത്തെ പറ്റി പ്രേം കുമാർ…

August 5, 2022

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനാണ് പ്രേം കുമാർ. ഒരു സമയത്ത് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടൻ കൂടിയായിരുന്നു താരം. കോമഡി കഥാപാത്രങ്ങൾക്കൊപ്പം നായകനായും പ്രേം കുമാർ നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. ഇടക്കാലത്ത് സിനിമകളിൽ സജീവമല്ലാതിരുന്ന പ്രേം കുമാർ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

പ്രേം കുമാർ അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്ക് കൗതുകമാവുന്നത്. തന്റെ ഏറ്റവും പുതിയ പുസ്‌തകത്തെ പറ്റി പറയുകയാണ് പ്രേം കുമാർ. കുറെ നാളുകളായി താൻ പത്രങ്ങളിലും മറ്റും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘ദൈവത്തിന്റെ അവകാശികൾ’ എന്ന പുസ്‌തകമെന്ന് പറയുകയാണ് താരം. ഡി.സി.ബുക്ക്‌സാണ് പുസ്‌തകം പുറത്തിറക്കിയിരിക്കുന്നത്.

മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്‌. ഇതിന്റെ സന്തോഷം പ്രേം കുമാർ വേദിയിൽ പങ്കു വെയ്ക്കുകയും ചെയ്‌തിരുന്നു. താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡിക്കായി താരങ്ങൾ ഒത്തുകൂടിയപ്പോഴാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്‌. ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാൻ കൂടിയാണ് പ്രേം കുമാർ.

മമ്മൂട്ടിക്കും പ്രേംകുമാറിനുമൊപ്പം നിൽക്കുന്ന ചിത്രം മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. “പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്‌ ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച്, DC ബുക്സ് പ്രസിദ്ധികരിച്ച “ദൈവത്തിൻ്റെ അവകാശികൾ ” എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോൾ..” എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി മാറിയിരുന്നു.

Read More: ബാബു ആന്റണിയും അമേരിക്കൻ വംശജയായ ഭാര്യയും ചേർന്ന് പാടി, ‘പാർത്ത മുതൽ നാളെ..’- വിഡിയോ

Story Highlights: Prem kumar opens up about his new book