മൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാലിൻറെ ‘റാം’ വീണ്ടും തുടങ്ങുന്നു; ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്

August 6, 2022

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം റാമിന്റെ ഷൂട്ടിംഗ് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും പല രാജ്യങ്ങളിലും ഷൂട്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.

ജീത്തു ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച വിവരം പ്രേക്ഷകരോട് പങ്കുവെച്ചത്. സിനിമയുടെ ഒരു പോസ്റ്ററും സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും ജീത്തു ജോസഫ് ചിത്രത്തിനൊപ്പം കുറിച്ചു.

മോഹൻലാലിനൊപ്പം തൃഷ, ദുർഗ കൃഷ്‌ണ, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടൻ, പാരീസ് എന്നീ നഗരങ്ങളൊക്കെ ചിത്രത്തിന്റെ വിദേശ ലൊക്കേഷനുകളാണ്.

അതേ സമയം ട്വല്‍ത്ത് മാനാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് അവസാനമായി സംവിധാനം ചെയ്‌ത ചിത്രം. വമ്പൻ വിജയമായ ദൃശ്യം 2 വിന് ശേഷം നടൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയായിരുന്നു സിനിമ പ്രേക്ഷകർക്ക് ചിത്രത്തിന് മേലുണ്ടായിരുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ മെയ് 20 ന് ചിത്രം നേരിട്ട് ഒടിടിയിലേക്ക് റിലീസ് ചെയ്യുകയായിരുന്നു.

Read More: ഷെയിൻ നിഗത്തിന് വേണ്ടി പാടി മോഹൻലാൽ, റിലീസ് ചെയ്‌തത്‌ ഫഹദ് ഫാസിൽ; ‘ബർമുഡ’യിലെ വിഡിയോ ഗാനം

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങി മികച്ച വിജയമാണ് ചിത്രം നേടിയത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിച്ചത്. മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിട്ടിരുന്നു.

Story Highlights: Ram resumes shooting