23 വർഷങ്ങൾക്ക് ശേഷം പടയപ്പയും നീലാംബരിയും ഒന്നിക്കുന്നു- സന്തോഷം പങ്കുവെച്ച് രമ്യ കൃഷ്ണൻ

August 10, 2022

തമിഴ് സിനിമകളിൽ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങൾ എടുത്തുനോക്കിയാൽ മുൻപന്തിയിൽ ഉണ്ട് പടയപ്പ. രജനികാന്ത്, രമ്യ കൃഷ്‍ണൻ, സൗന്ദര്യ എന്നിവർ വേഷമിട്ട ചിത്രം വർഷണങ്ങൾക്കിപ്പുറവും ചർച്ചയാകുന്നത് രജനികാന്ത് അവതരിപ്പിച്ച പടയപ്പ എന്ന കഥാപാത്രത്തിലൂടെയും രമ്യ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രത്തിലൂടെയുമാണ്. ഈ നായകൻ- പ്രതിനായക കൂട്ടുകെട്ട് വളരെയധികം ഹിറ്റായി മാറിയെങ്കിലും മറ്റു ചിത്രങ്ങളിലൊന്നും ഇവർ ഒന്നിച്ചിരുന്നില്ല. ഇപ്പോഴിതാ, 23 വർഷങ്ങൾക്ക് ശേഷം ഈ ജോഡി ഒന്നിച്ചെത്തുകയാണ്.

തന്റെ വരാനിരിക്കുന്ന സിനിമകളെ കുറിച്ച് പങ്കുവച്ചപ്പോൾ രമ്യ ആണ് രജനികാന്തിന്റെ അടുത്ത ചിത്രമായ ജയിലറിന്റെ ഭാഗമാണ് താനെന്ന് സ്ഥിരീകരിച്ചത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ആരംഭിക്കും. സൂപ്പർസ്റ്റാർ രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണിത്. താൻ വളരെ ആവേശത്തിലാണ് എന്നും നടി പങ്കുവയ്ക്കുന്നു.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ സിനിമകൾ ചെയ്തിട്ടുള്ള രമ്യ കൃഷ്ണൻ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്.പാൻ ഇന്ത്യ വിപ്ലവം ആരംഭിച്ച ബാഹുബലിയിൽ ശിവകാമിയെന്ന പ്രധാന വേഷം അവർ ചെയ്തു. പുരി ജഗന്നാഥിന്റെ ലിഗറിൽ വിജയ് ദേവരകൊണ്ടയ്ക്കും അനന്യ പാണ്ഡെയ്ക്കും ഒപ്പം നടി വേഷമിട്ടിട്ടുണ്ട്.

Read Also: “അതെ അഖിലേഷേട്ടനാണ്..”; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഓപ്പറേഷൻ ജാവയിലെ ഹിറ്റ് ഡയലോഗ് ഒരു കോടി വേദിയിൽ ആവർത്തിച്ച് ഉണ്ണി രാജ

ഷൂട്ടിംഗ് വിശദാംശങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ചിത്രത്തിൽ ഐശ്വര്യ റായിയും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ട്. ശിവ രാജ്കുമാർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് ആണ്. ഹൈദരാബാദിലെ രാമോജി ഫിലിംസിറ്റിയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ടൈറ്റിൽ റോളിലാണ് രജനി എത്തുന്നത്.

Story highlights- Ramya Krishnan to shoot for Rajinikanth’s ‘Jailer’