അഡ്രിയാൻ ലൂണ തിരികെയെത്തുന്നു; ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവേശത്തിൽ

September 3, 2022

കാത്തിരിപ്പിന് ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം അഡ്രിയാൻ ലൂണ തിരികെയെത്തുന്നു. കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കിയിരുന്നെങ്കിലും ലൂണ ടീമിനൊപ്പം ചേർന്നിരുന്നില്ല. പ്രീ സീസൺ ആരംഭിച്ചിട്ട് ഒരു മാസത്തോളം കഴിഞ്ഞിട്ടും ലൂണ തിരികെ വരാതിരുന്നതോടെ ആരാധകർ വലിയ ആശങ്കയിലായിരുന്നു.

എന്നാൽ താരം ദുബായിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. നാളെ ലൂണ ദുബായിലെ ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിച്ച താരം മടങ്ങിയെത്തുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇത്തവണത്തെ ഐഎസ്എൽ സീസൺ ഒക്‌ടോബർ ഏഴിന് ആരംഭിക്കുകയാണ്. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസണിലെ മത്സരക്രമവും പുറത്തു വന്നിട്ടുണ്ട്.

Read More: “ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ചതിന് നന്ദി..”; കോലിക്ക് ജേഴ്‌സി സമ്മാനിച്ച് ഹോങ്കോങ് ടീം, ചിത്രം പങ്കുവെച്ച് താരം

ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കഴിഞ്ഞ സീസൺ വരെ പട്ടികയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകൾ സെമി കളിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

Story Highlights: Adrian Luna joins kerala blasters squad