പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്മി; പൊന്നിയിൻ സെൽവനിലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു
ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ മണി രത്നത്തിന്റെ ഏറ്റവും വലിയ സ്വപ്ന സിനിമയാണ് ‘പൊന്നിയിൻ സെൽവൻ.’ 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു പക്ഷെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവുമോയെന്നത് സംശയമാണ്.
ഇപ്പോൾ ചിത്രത്തിലെ മലയാളി താരം ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. “കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ” എന്ന വിശേഷണത്തോടെയാണ് അണിയറ പ്രവർത്തകർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. മണി രത്നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചരിക്കുന്നത്.
Read More: മലയാളത്തിന്റെ റോക്കി ഭായ്; വൈറൽ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ജയം രവി, പാർത്ഥിപൻ, സത്യരാജ്, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. നേരത്തെ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, ജയം രവി എന്നീ താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ റിലീസ് ചെയ്തിരുന്നു. സെപ്റ്റംബർ 30 നാണ് ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.
Story Highlights: Aiswarya lakshmi ponniyin selvan character poster released