“അത് ഞാനാണ്..”; ആദ്യ സിനിമയിൽ അഭിനയിച്ചിട്ടും ആരും തിരിച്ചറിഞ്ഞില്ല, ശേഷം നടന്ന രസകരമായ സംഭവം പങ്കുവെച്ച് ഭാവന

September 19, 2022

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത താരം ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. ഇടക്കാലത്ത് സിനിമയിൽ നിന്ന് ഒരിടവേള എടുത്ത താരത്തിന്റെ തിരിച്ചു വരവ് വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ ഭാവന ഫ്ളവേഴ്‌സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്. അവിട്ടം നാളിലാണ് താരം അറിവിന്റെ വേദിയിലെ പ്രത്യേക അതിഥിയായി എത്തിയത്.

ആദ്യ സിനിമയായ നമ്മളിന്റെ വിശേഷങ്ങളാണ് ഭാവന പങ്കുവെച്ചത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം മറ്റ് താരങ്ങളെ ഒക്കെ ആളുകൾ അഭിനന്ദിക്കുന്നുണ്ടായിരുന്നുവെന്നും തന്നെ ആരും തിരിച്ചറിഞ്ഞില്ല എന്നും ഓർത്തെടുക്കുകയാണ് ഭാവന. ഇതിൽ ചെറുതായി വിഷമം തോന്നിയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. അതിനിടയിൽ ചിത്രത്തിൽ പരിമളം ആയി അഭിനയിച്ച കുട്ടി നന്നായിരുന്നുവെന്ന് ആരോ പറഞ്ഞപ്പോൾ അത് താനാണ് എന്ന് തനിക്ക് എടുത്ത് പറയേണ്ടി വന്നുവെന്നും ഭാവന പറഞ്ഞു.

ഇനി റിലീസ് ചെയ്യാനിരിക്കുന്ന ഭാവനയുടെ ‘‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. 60 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയായത്. ഭാവന തന്നെയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഷൂട്ടിംഗ് പൂർത്തിയായെന്ന വിവരം പങ്കുവെച്ചത്. “അങ്ങനെ അത് പൂർത്തിയായി!! സ്നേഹമല്ലാതെ മറ്റൊന്നുമില്ല.” ഭാവന കുറിക്കുന്നു.

Read More: ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ പൂർത്തിയായി- സന്തോഷം പങ്കുവെച്ച് ഭാവന

അതേ സമയം വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

Story Highlights: Bhavana shares a funny memory about her first movie