ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 വിജയി; രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ആൻ ബെൻസണും അക്ഷിതും…

September 9, 2022

പ്രേക്ഷകർ ഏറെ കാത്തിരുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 വിജയിയെ ഒടുവിൽ പ്രഖ്യാപിച്ചു. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറി. തിരുവോണ ദിനമായ ഇന്നലെയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്.

രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ടായിരുന്നു.

അതേ സമയം ഹൃദ്യമായ ആലാപനം കൊണ്ട് പാട്ടുവേദിയിൽ വിസ്‌മയം തീർത്ത പാട്ടുകാരിയാണ് ആൻ ബെൻസൺ. മികച്ച ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആൻ ബെൻസന്റെ പാട്ടിനും ആരാധകരേറെയായിരുന്നു. പാട്ടുവേദിയിലെ മിടുക്കി ഗായികയാണ് ആൻ. അടിപൊളി ഗാനങ്ങളും മെലഡികളുമെല്ലാം വളരെ മനോഹരമായാണ് ഈ കൊച്ചു ഗായിക വേദിയിൽ പാടുന്നത്. വളരെ മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ ആനിന്റെ പ്രകടനങ്ങൾക്ക് നൽകാറുള്ളത്.

Read More: കണ്ണീരണിഞ്ഞ് സിജു വിൽ‌സൺ; പ്രേക്ഷകരുടെ കൈയടി നേടി ‘പത്തൊമ്പതാം നൂറ്റാണ്ട്’ വിജയകരമായി പ്രദർശനം തുടരുന്നു-വീഡിയോ

മൂന്നാം സ്ഥാനം നേടിയെടുത്ത അക്ഷിത് പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ്. അതിമനോഹരവും ഹൃദ്യവുമായ ഒട്ടേറെ പ്രകടനങ്ങളിലൂടെ വേദിയെ വിസ്‌മയിപ്പിച്ചിട്ടുണ്ട് ഈ കുഞ്ഞു ഗായകൻ.

Story Highlights: Flowers top singer season 2 winners