ദേവദൂതർ ഗാനത്തിന് രസികൻ ചുവടുകളുമായി മന്യയും കുടുംബവും- വിഡിയോ

September 11, 2022

ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടി മന്യ ഇപ്പോൾ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ്. വെള്ളിത്തിരയിൽ നിന്നും അകന്നു നിൽക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് വിശേഷം പങ്കുവയ്ക്കുന്നുണ്ട് മന്യ. ഇപ്പോഴിതാ, ദേവദൂതർ ഗാനത്തിന് രസികൻചുവടുകളുമായി എത്തിയിരിക്കുകയാണ് മന്യ. ഒപ്പം അമ്മയും മകൾ ഓമിയും ഉണ്ട്.

‘ഞങ്ങളുടെ സ്നേഹം കുഞ്ചാക്കോ ബോബൻ.. 2022ലെ ഓണത്തിന്, ‘ദേവദൂതർ പാടി’യുടെ ഞങ്ങളുടെ പതിപ്പ് ..അമ്മയ്ക്കും ഓമിക്കും എനിക്കും നൃത്തവും ചിരിയും നിർത്താൻ കഴിഞ്ഞില്ല’- മന്യ കുറിക്കുന്നു. ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ ഗാനത്തിന് ചുവടുവെച്ച് കുഞ്ചാക്കോ ബോബൻ താരമായി മാറിയിരുന്നു.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നടി മന്യ അഭിനയ രംഗത്തേക്ക് എത്തിയത്. പഠിക്കാനേറെ ഇഷ്ടമുണ്ടായിരുന്നിട്ടും അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് മന്യ സിനിമയിലേക്ക് എത്തിയത്. എന്നാൽ, 41 സിനിമകൾക്ക് ശേഷം വീണ്ടും പഠനത്തിലേക്ക് മടങ്ങുകയായിരുന്നു നടി. ജോക്കർ എന്ന സിനിമയിലൂടെയാണ് മന്യയെ മലയാളികൾക്ക് പരിചയം. പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ മന്യ സാന്നിധ്യമറിയിച്ചു.

അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വെറുതെ വീട്ടിലിരിക്കുകയല്ല മന്യ. ഫിനാൻസ് പ്രൊഫഷണലായി ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. കുടുംബത്തോടൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങൾ മന്യ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്.

Story highlights- manya naidu viral dance