“നീ ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ..”; മകൾ അല്ലിക്ക് പിറന്നാളാശംസകളുമായി പൃഥ്വിരാജ്…

September 8, 2022

പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ എട്ടാം പിറന്നാളാണിന്ന്. അല്ലി എന്ന് വിളിക്കുന്ന അലംകൃതയുടെ വിശേഷങ്ങൾ പലപ്പോഴും താരവും ഭാര്യ സുപ്രിയയും തങ്ങളുടെ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അല്ലിക്ക് പിറന്നാളാശംസിച്ചു കൊണ്ട് പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

“ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്റെ 8-ാം വര്‍ഷത്തിലേക്ക്. മമ്മയുടെയും ഡാഡയുടെയും എക്കാലത്തെയും സൂര്യപ്രകാശം! സാഹസികയും ലോകത്തെ സ്‌നേഹിക്കുന്നവളുമായി നീ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നീ ഒരു ചെറിയ മനുഷ്യനായി മാറിയതില്‍ ഞങ്ങള്‍ അഭിമാനിക്കുകയാണ്. നീ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും. എട്ടാം പിറന്നാള്‍ ആശംസകള്‍. ഒപ്പം എല്ലാവർക്കും അല്ലിയുടെയും സുപ്രിയയുടെയും എന്റെയും ഓണാശംസകള്‍”- മകളുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചു.

അതേ സമയം അൽഫോൺസ് പുത്രന്റെ ഗോൾഡാണ് ഇനി തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം. നേരത്തെ ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. പുതിയ റിലീസ് ദിവസം ഏതാണെന്നു ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Read More: ഫഹദിന്റെ മാസ്സ് സിനിമ; തിരുവോണദിനത്തിൽ ‘ഹനുമാൻ ഗിയർ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് താരം…

‘ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ “ഗോൾഡ്” ഓണത്തിന് ഒരാഴ്ച കഴിഞ്ഞ് റിലീസ് ചെയ്യും. ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു” അൽഫോൺസ് പുത്രൻ കുറിപ്പിൽ പറഞ്ഞു.

നയൻതാരയും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ‘ഗോൾഡ്’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. അതേസമയം തന്റെ മുമ്പത്തെ ചിത്രങ്ങളായ ‘നേരം’ പോലെയോ ‘പ്രേമം’ പോലെയോ ഒരു സിനിമ ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അൽഫോൺസ് പുത്രൻ നേരത്തെ പങ്കുവെച്ചിരുന്നു.

Story Highlights: Prithviraj birthday wish for daughter