കാന്താരയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകൾ; ആദ്യ ദിനം വമ്പൻ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ട്

October 16, 2022

അപ്രതീക്ഷിതമായി വലിയ ഹിറ്റായി മാറിയ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. കന്നടയിൽ മാത്രം റിലീസ് ചെയ്‌ത ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയതിനെ തുടർന്ന് മറ്റ് ഭാഷകളിലും റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മലയാളം, തെലുങ്ക്, ഹിന്ദി അടക്കമുള്ള ഭാഷകളിലാണ് ചിത്രം ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.

ഇന്നലെയാണ് ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകൾ റിലീസ് ചെയ്‌തത്‌. പ്രതീക്ഷിച്ചത് പോലെ മികച്ച അഭിപ്രായം തന്നെയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തെലുങ്ക് പതിപ്പിന്‍റെ ആഗോള ഗ്രോസ് 5 കോടി വരുമെന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്‌ത്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ പ്രശംസയാണ് ഇന്ത്യ ഒട്ടാകെ നേടിക്കൊണ്ടിരിക്കുന്നത്.

നേരത്തെ ബാഹുബലി താരം പ്രഭാസ് കാന്താരയെ പ്രശംസിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അവിശ്വസനീയവും അസാധാരണവുമായ തിയേറ്റർ അനുഭവമാണ് കാന്താര നൽകുന്നതെന്നാണ് പ്രഭാസ് അഭിപ്രായപ്പെട്ടത്. രണ്ട് തവണ ചിത്രം തിയേറ്ററിൽ കണ്ടുവെന്നും മികച്ച കൺസെപ്റ്റുള്ള ത്രില്ലിംഗ് അനുഭവം നൽകുന്ന കാന്താര തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണെന്നും പ്രഭാസ് പറഞ്ഞു.

“കാന്താര രണ്ടാം തവണയും കണ്ടു, എന്തൊരു അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയേറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം”- പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Read More: “പെയിന്റിങ്ങുമായി ഒതുങ്ങി കൂടാമെന്ന് കരുതി, അപ്പോഴാണ് മമ്മൂക്കയുടെ വിളി വരുന്നത്..”; റോഷാക്കിൽ അഭിനയിക്കാൻ എത്തിയതിനെ പറ്റി കോട്ടയം നസീർ

അതേ സമയം നടൻ പൃഥ്വിരാജാണ് കാന്താര മലയാളത്തിൽ എത്തിക്കുന്നത്. ഒക്ടോബർ 20 നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

Story Highlights: Kanthara hindi, telugu versions getting good response