കാന്താരയുടെ മലയാളം ട്രെയ്‌ലർ എത്തി; ചിത്രമെത്തിക്കുന്നത് പൃഥ്വിരാജ്

October 17, 2022

സൂപ്പർ ഹിറ്റായി മാറിയ കാന്താരയുടെ മലയാളം പതിപ്പ് പ്രദർശനത്തിനൊരുങ്ങുകയാണ്. അപ്രതീക്ഷിതമായി വലിയ ഹിറ്റായി മാറിയ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. കന്നടയിൽ മാത്രം റിലീസ് ചെയ്‌ത ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയതിനെ തുടർന്ന് മറ്റ് ഭാഷകളിലും റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുകയാണ്. നടൻ പൃഥ്വിരാജാണ് ചിത്രം മലയാളത്തിൽ എത്തിക്കുന്നത്. കെജിഎഫിന്റെ രണ്ടാം ഭാഗവും പൃഥ്വിരാജ് തന്നെയാണ് കേരളത്തിൽ വിതരണം ചെയ്‌തത്. ഒക്ടോബർ 20 നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

രണ്ട് ദിവസം മുൻപാണ് ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകൾ റിലീസ് ചെയ്‌തത്‌. പ്രതീക്ഷിച്ചത് പോലെ മികച്ച അഭിപ്രായം തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. തെലുങ്ക് പതിപ്പിന്‍റെ ആഗോള ഗ്രോസ് 5 കോടി വരുമെന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്‌ത്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ പ്രശംസയാണ് ഇന്ത്യ ഒട്ടാകെ നേടിക്കൊണ്ടിരിക്കുന്നത്.

നേരത്തെ ബാഹുബലി താരം പ്രഭാസ് കാന്താരയെ പ്രശംസിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അവിശ്വസനീയവും അസാധാരണവുമായ തിയേറ്റർ അനുഭവമാണ് കാന്താര നൽകുന്നതെന്നാണ് പ്രഭാസ് അഭിപ്രായപ്പെട്ടത്. രണ്ട് തവണ ചിത്രം തിയേറ്ററിൽ കണ്ടുവെന്നും മികച്ച കൺസെപ്റ്റുള്ള ത്രില്ലിംഗ് അനുഭവം നൽകുന്ന കാന്താര തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണെന്നും പ്രഭാസ് പറഞ്ഞു.

Read More: ജോർജ്കുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു, ഇത്തവണ ഹിന്ദിയിൽ; ‘ദൃശ്യം 2’ ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലറെത്തി

“കാന്താര രണ്ടാം തവണയും കണ്ടു, എന്തൊരു അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയേറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം”- പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Story Highlights: Kanthara malayalam trailer released