“പ്രിയ രാജുവിന്..”; പൃഥ്വിരാജിന് പിറന്നാളാശംസകളുമായി മോഹൻലാലും മമ്മൂട്ടിയും

October 16, 2022

നടൻ പൃഥ്വിരാജ് ഇന്ന് നാൽപതാം പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്. പൃഥ്വിരാജിന്റെ വരാനിരിക്കുന്ന സിനിമകളുടെ അണിയറ പ്രവർത്തകരൊക്കെ താരത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും ഫസ്റ്റ് ലുക്കും പങ്കുവെച്ചാണ് ആശംസ അറിയിച്ചത്.

ഇപ്പോൾ മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജിന് പിറന്നാളാശംസകൾ അറിയിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

സലാറിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ട് കൊണ്ടാണ് സലാറിന്റെ അണിയറ പ്രവർത്തകർ താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ് ഒരു വില്ലന്‍ ഛായയിലാണ് ഫസ്റ്റ് ലുക്കില്‍ പൃഥ്വിരാജിനെ കാണാൻ കഴിയുന്നത്.

‘വിലായത്ത് ബുദ്ധ’, ‘കാളിയൻ’ എന്നീ ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും പൃഥ്വിരാജിന് ആശംസകൾ നേർന്ന് കൊണ്ട് ക്യാരക്ടർ പോസ്റ്ററും മോഷൻ പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Read More: ഇത് വരദരാജ മന്നാര്‍; പൃഥ്വിരാജിന് പിറന്നാളാശംസകളുമായി സലാർ ടീം, താരത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു

അതേ സമയം സലാറിന്റെ റിലീസ് തീയതി നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. 2023 സെപ്റ്റംബർ 28 ന് ലോകത്താകമാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് ഹൊംബാലെ ഫിലിംസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് നിർമ്മാതാക്കൾ റിലീസ് തീയതി അറിയിച്ചത്. പ്രഭാസ് ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് സൂചന. രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന കഥകളിൽ വ്യത്യസ്‌തമായ രണ്ട് റോളുകളിലാണ് പ്രഭാസെത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ബാഹുബലിയിലും പ്രഭാസ് ഡബിൾ റോളിലെത്തിയിരുന്നു.

Story Highlights: Mohanlal and mammootty birthday wish for prithviraj