സഹലിന്റെ ഇരട്ട ഗോൾ; ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം

November 5, 2022

പരാജയത്തിന്റെ കണക്കുകൾ തീർക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയിരിക്കുന്നത്. മലയാളി താരം സഹല്‍ അബ്ദുസമദിന്റെ ഇരട്ട ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് വമ്പൻ വിജയം നേടിക്കൊടുത്തത്. ദിമിത്രിയോസ് ദിയമന്റകോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ഗോൾ നേടിയത്.

ആരാധകർക്കായി മികച്ച വിജയം നേടാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. വമ്പൻ വിജയത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് സീസൺ തുടങ്ങിയതെങ്കിലും പിന്നീടുള്ള മൂന്ന് മത്സരത്തിലും കനത്ത പരാജയമാണ് ടീമിനെ കാത്തിരുന്നത്. ഇപ്പോൾ അഞ്ചാമത്തെ മത്സരത്തിലെ തകർപ്പൻ വിജയത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

മുംബൈ സിറ്റിക്കെതിരെ കളത്തിലിറങ്ങിയ ടീമിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. സന്ദീപ് സിംഗ്, നിഷു കുമാർ, റുയിവ ഹോർമിപാം, സൗരവ് മണ്ഡൽ, ഇവാൻ കലിയുഷ്നി എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. വിക്ടർ മോംഗിൽ, ഹർമൻജോത് ഖബ്ര, ജെസൽ കാർനീറോ, പുയ്തിയ എന്നിവർ ബെഞ്ചിലായിരുന്നു. സന്ദീപ്, നിഷു, ഹോർമിപാം എന്നിവർക്കൊപ്പം മാർകോ ലെസ്കോവിച് ആണ് പ്രതിരോധത്തിൽ. സൗരവ്, ജീക്സൺ, കലിയുഷ്നി എന്നിവർ മധ്യനിരയിലും രാഹുൽ, ലൂണ, ദിമിത്രോസ് എന്നിവർ ആക്രമണത്തിലും അണിനിരന്നിട്ടുണ്ട്.

Read More: “കോലി ലോകകപ്പുമായി എത്തും..”; വിരാട് കോലിക്ക് പിറന്നാൾ ആശംസിച്ചു കൊണ്ട് നടൻ ആൻറണി വർഗീസ് പങ്കുവെച്ച കുറിപ്പ് വൈറലാവുന്നു

അതേ സമയം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ 3-1 നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞത്. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. പിന്നീട് ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. അലക്‌സിലൂടെയാണ് ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ കണ്ടെത്തിയത്.

Story Highlights: Blasters huge win against north east united