‘ഗോൾഡൻ നേട്ടം’; റിലീസിന് മുൻപേ 50 കോടി ക്ലബിൽ കയറി പൃഥ്വിരാജ് ചിത്രം ‘ഗോൾഡ്’

November 30, 2022

നാളെയാണ് പൃഥ്വിരാജ് നായകനാവുന്ന അൽഫോൻസ് പുത്രൻ ചിത്രം ‘ഗോൾഡ്’ റിലീസിനെത്തുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അൽഫോൻസിൻറെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രേമം എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഇപ്പോൾ റിലീസിന് മുൻപേ ചിത്രം 50 കോടി ക്ലബിൽ കയറിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്പത് കോടിയലിധികം പ്രീ റിലീസ് ബിസിനസ് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ലോകമെങ്ങും 1300 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നേരത്തെ രസകരമായ ഒരു കുറിപ്പിലൂടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. “സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്..ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയേറ്ററുകളിൽ എത്തുന്നു…ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ…റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്..Wait and see”- ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം മാറ്റി വെയ്ക്കുകയായിരുന്നു.

Read More: “അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല, പക്ഷെ കപ്പെടുത്തിട്ടേ ഞങ്ങൾ പോവൊള്ളൂ..”; ബ്രസീൽ ആരാധകരോട് പൊട്ടിത്തെറിച്ച് വൈറലായ കുഞ്ഞ് മെസി ആരാധിക

അതേ സമയം തന്റെ മുമ്പത്തെ ചിത്രങ്ങളായ ‘നേരം’ പോലെയോ ‘പ്രേമം’ പോലെയോ ഒരു സിനിമ ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അൽഫോൺസ് പുത്രൻ നേരത്തെ പങ്കുവെച്ചിരുന്നു. “ദയവായി എന്നിൽ നിന്ന് നേരമോ പ്രേമമോ പോലുള്ള ഒരു സിനിമ പ്രതീക്ഷിക്കരുത്. നേരം എന്ന സിനിമയ്ക്ക് സമാനമായിരിക്കാം ഗോൾഡ്. എന്നാൽ അതിന്റേതായ രീതിയിൽ അത് അദ്വിതീയമാണ്. ഗോൾഡിനായി പുതുതായി എഴുതിയ 40-ലധികം പ്രതീകങ്ങളുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെ രസിപ്പിക്കാൻ ശ്രമിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് തരും”-സംവിധായകൻ പറഞ്ഞു.

Story Highlights: Gold in 50 crore club before release