‘ഗോൾഡ്’ റിലീസ് തീയതി പ്രഖ്യാപിച്ചു; ദൈവത്തെയോർത്ത് പഞ്ഞിക്കിടല്ലേയെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
ഒടുവിൽ അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പൃഥ്വിരാജ് നായകനായ ചിത്രം ഡിസംബർ 1 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചത്. നേരത്തെ ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രത്തിൽ ഇനിയും കുറച്ചു കൂടി വർക്ക് ചെയ്യാനുണ്ടെന്നാണ് അൽഫോൻസ് അറിയിച്ചിരുന്നത്.
രസകരമായ ഒരു കുറിപ്പിലൂടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. “സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്..ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയേറ്ററുകളിൽ എത്തുന്നു…ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ…റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്..Wait and see”- ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു.
നയൻതാരയും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ‘ഗോൾഡ്’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. അതേ സമയം തന്റെ മുമ്പത്തെ ചിത്രങ്ങളായ ‘നേരം’ പോലെയോ ‘പ്രേമം’ പോലെയോ ഒരു സിനിമ ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അൽഫോൺസ് പുത്രൻ നേരത്തെ പങ്കുവെച്ചിരുന്നു.
“ദയവായി എന്നിൽ നിന്ന് നേരമോ പ്രേമമോ പോലുള്ള ഒരു സിനിമ പ്രതീക്ഷിക്കരുത്. നേരം എന്ന സിനിമയ്ക്ക് സമാനമായിരിക്കാം ഗോൾഡ്. എന്നാൽ അതിന്റേതായ രീതിയിൽ അത് അദ്വിതീയമാണ്. ഗോൾഡിനായി പുതുതായി എഴുതിയ 40-ലധികം പ്രതീകങ്ങളുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെ രസിപ്പിക്കാൻ ശ്രമിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് തരും”-സംവിധായകൻ പറഞ്ഞു.
Story Highlights: Listin stephen announced gold release date