ക്രിസ്റ്റ്യാനോയുടെ ചുവർ ചിത്രം നീക്കം ചെയ്‌ത്‌ മാഞ്ചസ്റ്റർ യുണൈറ്റഡ്; വിഡിയോ വൈറലാവുന്നു

November 17, 2022

കുറച്ചു നാളുകളായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ പല പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. ഇപ്പോൾ താരത്തിന്റെ ചുവർ ചിത്രം യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ നിന്ന് നീക്കം ചെയ്യുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താരവുമായുള്ള ബന്ധം വഷളായതിനെ തുടർന്നാണ് ക്ലബ് കടുത്ത നടപടിയെടുത്തതെന്നാണ് വിലയിരുത്തൽ. എന്നാൽ അതായിരിക്കില്ല കാരണമെന്നും മറ്റൊരു പക്ഷം അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും ക്രിസ്റ്റ്യാനോയുടെ അഭിമുഖം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസം ക്ലബ് പറഞ്ഞിരുന്നു.

ഒരു അഭിമുഖത്തിലാണ് താരം ക്ലബിനെതിരെ രംഗത്ത് വന്നത്. “ക്ലബിൽ നിന്ന് ചിലർ എന്നെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല, മറ്റ് ചിലർ കൂടിയുണ്ട്. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലർക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല. ക്ലബിന് നല്ലതുവരാനാണ് ഞാൻ ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് വെയിൻ റൂണി എന്നെ ഇത്ര വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ അദ്ദേഹം കളി നിർത്തിയിട്ടും ഞാൻ കളി തുടരുന്നതിനാലാവാം. അദ്ദേഹത്തെക്കാൾ മികച്ചവനാണ് ഞാനെന്ന് പറയുന്നില്ല, അത് സത്യമാണെങ്കിലും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.

Read More: മിശിഹായുടെ ഉയർത്തെഴുന്നേൽപ്പ്; തകർന്നു വീണ മെസിയുടെ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് ആരാധകർ-വിഡിയോ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗും ക്രിസ്റ്റ്യാനോയും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വഷളായിരുന്നു. എങ്ങനെയെങ്കിലും ക്ലബ് വിടാൻ ശ്രമിച്ച റൊണാൾഡോയെ പല മുൻനിര ക്ലബുകളും തഴഞ്ഞു. ടെൻ ഹാഗ് താരത്തിന് ഏറെ അവസരങ്ങൾ നൽകിയതുമില്ല. പല മത്സരങ്ങളും ബെഞ്ചിലിരുന്ന താരം കഴിഞ്ഞ ദിവസം കളി അവസാനിക്കുന്നതിനു മുൻപ് ഡ്രസിംഗ് റൂമിലേക്ക് പോയത് വിവാദമായി. തുടർന്ന് താരത്തെ ഒരു കളിയിൽ നിന്ന് ക്ലബ് വിലക്കി. ഇതിനിടെ പകരക്കാരനായി കളത്തിലിറങ്ങാൻ ക്രിസ്റ്റ്യാനോ തയ്യാറാവാതിരുന്ന അവസരവുമുണ്ടായി.

Story Highlights: Manchester united removed cristiano ronaldo mural