ജർമ്മനിയുടെ നിർണായക പോരാട്ടം നിയന്ത്രിക്കുന്നത് 3 വനിത റഫറിമാർ; ചരിത്രനിമിഷത്തിന് സാക്ഷിയാവാൻ ഖത്തർ

November 30, 2022

ആവേശപ്പോരാട്ടമാണ് നാളത്തെ ജർമ്മനി-കോസ്റ്ററിക്ക മത്സരം. ഇരു ടീമുകൾക്കും വളരെ നിർണായകമായ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുവരും ആഗ്രഹിക്കുന്നില്ല. കോസ്റ്ററിക്കയ്ക്ക് മൂന്ന് പോയിന്റാണ് ഉള്ളത്. എന്നാൽ ഒരു തോൽവിയും ഒരു സമനിലയും വഴങ്ങിയിട്ടുള്ള ജർമ്മനിക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്. അതിനാൽ ജർമ്മനിക്ക് ജയം അനിവാര്യമാണ്. ജയിച്ചാൽ പോലും ജപ്പാൻ-സ്പെയിൻ മത്സരത്തിന്റെ ഫലത്തെ കൂടി ആശ്രയിച്ചായിരിക്കും ജർമ്മനിയുടെ പ്രീ-ക്വാർട്ടർ പ്രതീക്ഷകൾ നിർണയിക്കപ്പെടുന്നത്.

എന്നാൽ ഈ മത്സരം ഇപ്പോൾ ശ്രദ്ധ കേന്ദ്രമാവുന്നത് മറ്റൊരു കാരണം കൊണ്ട് കൂടിയാണ്. ചരിത്രത്തിൽ ആദ്യമായി മൂന്ന് വനിത റഫറിമാർ നിയന്ത്രിക്കുന്ന ലോകകപ്പ് മത്സരമായിരിക്കുമിത്. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാർട്ടാണ് മത്സരം നിയന്ത്രിക്കുന്ന പ്രധാന റഫറി. 2020 ലാണ് ചാമ്പ്യൻസ് ലീഗ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയായി സ്റ്റെഫാനി മാറിയത്. 2019, 2020, 2021 വര്‍ഷങ്ങളില്‍ മികച്ച വനിതാ റഫറിക്കുള്ള ലോക പുരസ്കാര ജോതാവ് കൂടിയാണ് സ്റ്റെഫാനി. നേരത്തെ പോളണ്ട്-മെക്‌സിക്കോ മത്സരവും സ്റ്റെഫാനി നിയന്ത്രിച്ചിരുന്നു.

അതേ സമയം മൂന്ന് വനിത റഫറിമാരാണ് ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ മത്സരം നിയന്ത്രിക്കാൻ എത്തിയിരിക്കുന്നത്. ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ റഫറിമാരെ ഉൾപ്പെടുത്തിയത്. ഫ്രാൻസിൽ നിന്ന് സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയിൽ നിന്ന് സലീമ മുകാൻസംഗ, ജപ്പാനിൽ നിന്ന് യോഷിമ യമാഷിത എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. 2009 മുതൽ ഫിഫ ഇന്റർനാഷണൽ റഫറിമാരുടെ പട്ടികയിൽ സ്റ്റെഫാനി ഫ്രാപ്പാർട്ട് ഉണ്ട്.

Read More: “മെസ്സി അങ്ങനെ ചെയ്യുന്ന ആളല്ല..”; ജേഴ്‌സി വിവാദത്തിൽ മെസ്സിക്ക് പിന്തുണയുമായി മെക്‌സിക്കൻ നായകൻ

ജനുവരിയിൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ റഫറിയാകുന്ന ആദ്യ വനിതയായി സലീമ മുകാൻ സംഗ. വനിതാ ലോകകപ്പ്, വിമൻസ് ചാമ്പ്യൻസ് ലീഗ് തുടങ്ങിയ വമ്പൻ ടൂർണമെന്റുകൾ നിയന്ത്രിച്ച അനുഭവ സമ്പത്തുമുണ്ട്. 2019 ലെ വനിതാ ലോകകപ്പിലും 2020 ലെ സമ്മർ ഒളിമ്പിക്‌സിലും കളി നിയന്ത്രിച്ച പരിചയവുമായാണ് യോഷിമ യമാഷിത എത്തുന്നത്. എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ മത്സരങ്ങൾ നിയന്ത്രിച്ച അനുഭവ പരിചയമുണ്ട്. ഇവരെ കൂടാതെ ബ്രസീലിൽ നിന്നുള്ള ന്യൂസ ബാക്ക്, മെക്‌സിക്കോയിൽ നിന്നുള്ള കാരെൻ ഡിയാസ് മദീന, അമേരിക്കയിൽ നിന്നുള്ള കാതറിൻ നെസ്ബിറ്റ് എന്നീ വനിതാ അസിസ്റ്റന്റ് റഫറിമാരും ഖത്തറിലുണ്ടാകും.

Story Highlights: Three women referees for germany-costarica match