“നീലമലപ്പൂങ്കുയിലേ..”; വേദിയുടെ മനസ്സ് നിറച്ച് ബാബുക്കുട്ടന്റെ അതിമനോഹരമായ ആലാപനം
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് അമ്പരപ്പിക്കുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് എത്തിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. ഇപ്പോൾ മൂന്നാം സീസണിലെ മത്സരാർത്ഥിയായ ബാബുക്കുട്ടന്റെ പ്രകടനമാണ് വേദിയുടെ കൈയടി ഏറ്റുവാങ്ങുന്നത്.
‘പൊന്നും പൂവും’ എന്ന ചിത്രത്തിലെ “നീലമലപ്പൂങ്കുയിലേ..” എന്ന ഗാനമാണ് ബാബുക്കുട്ടൻ പാട്ടുവേദിയിൽ ആലപിച്ചത്. കെ.രാഘവൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി.ഭാസ്ക്കരൻ മാഷാണ്. ഭാവഗായകൻ പി ജയചന്ദ്രനാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായി ഈ ഗാനം ആലപിച്ച ബാബുക്കുട്ടന് വലിയ കൈയടിയാണ് വേദിയിൽ ലഭിച്ചത്.
അതേ സമയം അതിശയകരമായ ആലാപനത്തിനൊപ്പം മൂന്നാം സീസണിലെ ഈ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നുള്ള ധ്വനിക്കുട്ടിയുടെ വേദിയിലെ സംസാരം പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരേ പോലെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് ധ്വനി നൽകിയത്.
പാട്ട് പാടി കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോയാലോ എന്ന് ചോദിക്കുകയായിരുന്നു എം. ജി ശ്രീകുമാർ. തനിക്ക് ബൈക്ക് ഉണ്ടെന്നും അതിൽ പോകാമെന്നും ഗായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് കാറുണ്ടെന്നും അതിൽ മാത്രമേ വരുകയുള്ളുവെന്നും ധ്വനിക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.
Story Highlights: Babukuttan sings a beautiful melody song