അർജന്റീനയ്ക്ക് ആശ്വാസ വാർത്ത; നെതർലൻഡ്സിനെതിരെ ഡി മരിയ കളിച്ചേക്കും

December 7, 2022

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ഏയ്ഞ്ചൽ ഡി മരിയയുടെ പ്രകടനം അർജന്റീനയുടെ വിജയത്തിൽ നിർണായകമായിരുന്നു. പോളണ്ടിനെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിൽ പരിക്കേറ്റ താരത്തിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പ്രീ-ക്വാർട്ടർ മത്സരം നഷ്‌ടമായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനമാണ് അർജന്റീന കാഴ്ച്ചവെച്ചതെങ്കിലും ഡി മരിയ തിരികെ വരുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകർ.

നെതർലൻഡ്സിനെതിരെയുള്ള ക്വാർട്ടർ മത്സരത്തിന് ഡി മരിയ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ടീമിന് വിശ്രമം അനുവദിച്ച ദിവസവും ഡി മരിയ പരിശീലിക്കുകയായിരുന്നു. അതിനാൽ ക്വാർട്ടർ മത്സരത്തിന് താരം ഇറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിലാണ് അർജന്റീന നെതർലൻഡ്സിനെ നേരിടുന്നത്.

അതേ സമയം പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് മെസ്സിയും സംഘവും ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്. സൂപ്പർതാരം ലയണൽ മെസ്സിയും, യുവതാരം ജൂലിയൻ അൽവാരസുമാണ് അർജന്‍റീനക്കായി വലകുലുക്കിയത്. എട്ടു വർഷത്തിന് ശേഷമാണ് അർജന്‍റീന ലോകകപ്പ് ക്വാർട്ടറിൽ കടക്കുന്നത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ മെസ്സിയാണ് സ്‌കോറിങ് തുടങ്ങിയത്. ബോക്സിന്‍റെ വലതുവിങ്ങിൽ നിന്നുള്ള ഫ്രീകിക്കാണ് ഗോളിൽ കലാശിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോളി മാറ്റ് റയാന്റെ ഗുരുതരമായ പിഴവ് മുതലെടുത്ത് ജൂലിയന്‍ അൽവാരസ് രണ്ടാം ഗോള്‍ വലയിലാക്കി. പന്തടക്കത്തിലും പാസ്സിങ്ങിലും മുന്നിട്ടുനിന്നെങ്കിലും അതിവേഗ മുന്നേറ്റങ്ങൾ കൊണ്ട് ഓസീസ് പല തവണ അർജന്‍റീനയുടെ ഗോൾമുഖം വിറപ്പിച്ചു.

Read More: ഇതിഹാസങ്ങളുടെ ചതുരംഗ കളി; മെസിയും റൊണാൾഡോയും ഒന്നിച്ചുള്ള ചിത്രം വൈറലാവുന്നു, പകർത്തിയത് ലോകപ്രശസ്‍ത ഫോട്ടോഗ്രാഫർ

നേരത്തെ പോളണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീന പ്രീ-ക്വാർട്ടറിലെത്തിയത്‌. രണ്ടാം പകുതിയിൽ നേടിയ രണ്ട് ​ഗോളിന്റെ ബലത്തിലായിരുന്നു അർജന്റീനയുടെ വിജയം. 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ടീം ആദ്യ ​ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ അൽവാരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ​ഗോൾ നേടിയത്. ഇതോടെ വിമർശകരുടെ വായടപ്പിച്ച് ആധികാരികമായിട്ടായിരുന്നു അർജന്റീനയുടെ പ്രീ-ക്വാർട്ടർ പ്രവേശനം.

Story Highlights: Di maria will play in quarter final