നല്ല ഓർമ്മശക്തിക്ക് ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം…
ഓർമ്മക്കുറവ് ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ്. പണ്ടൊക്കെ പ്രായമേറി വരുമ്പോഴായിരുന്നു ഓർമ്മക്കുറവിന്റെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നതെങ്കിൽ ഇന്ന് പ്രായഭേദമന്യേ ഒരുപാട് ആളുകൾ ഓർമ്മക്കുറവിനോട് മല്ലിടുന്നുണ്ട്. എന്നാല്‍ ഭക്ഷണത്തിലൂടെ നമുക്ക് ഒരു പരിധി വരെ ഓര്‍മശക്തിയെ മെച്ചപ്പെടുത്താം.
ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഓർമ്മശക്തിക്ക് നല്ലതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഓര്‍മശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് സിട്രിക് പഴങ്ങള്‍. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രിക് പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്കത്തെ ഉന്മേഷത്തോടെ നിലനിര്‍ത്താന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. സ്ട്രെസ്, വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും വിറ്റാമിന്‍ സി സഹായകമാണ്. നട്സുകളാണ് ഓര്മ ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മറ്റൊരു വിഭാഗം. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ഇ, സിങ്ക്, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമായ ബദാം മസ്തിഷകത്തില്‍ അസെറ്റൈല്‍കോളിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്നു. ഈ ഘടകം ഓര്‍മശക്തിയെ മെച്ചപ്പെടുത്താന്‍ സഹായകമാണ്. പോഷകസമൃദ്ധമായ വാള്‍നട്ടും ഓര്‍മശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഒമേഗ ത്രി ഫാറ്റി ആസിഡും പോളിഫിനോലിക് കോംപണ്ടുകളുമെല്ലാം അടങ്ങിയിട്ടുള്ള വാള്‍നട്ട് മസ്തിഷകത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
അതുപോലെതന്നെ കശുവണ്ടിയും മികച്ച മെമ്മറി ബൂസ്റ്റര്‍ ആണ്. മസ്തിഷക കോശങ്ങളുടെ ഉൽപാദത്തിന് സഹായിക്കുന്ന പോളി സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റുകള്‍ കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ബ്ലൂബെറിയും ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അതുപോലെതന്നെ ബ്രോക്കോളിയും കോളിഫ്ളവറും ഓര്മശക്തിക്ക് നല്ലതാണ്. ഇവയില്‍ വിറ്റാമിന്‍ കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മസ്തിഷ്കത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. എന്നാൽ ഗുരുതരമായ മറവി പ്രശ്നമുണ്ടെങ്കില്‍ വൈദ്യസഹായം തേടുന്നതാണ് നല്ലത്.
Story Highlights: Foods to boost memory